മലപ്പുറം: കെട്ടിട ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ മലപ്പുറം വാണിജ്യ നികുതി ഇൻറലിജൻസ് ഒാഫിസർ, ഇൻറലിജൻസ് ഇൻസ്പെക്ടർ എന്നിവരെ വിജിലൻസ് കൈയോടെ പിടികൂടി. മലപ്പുറം സിവിൽ സ്റ്റേഷനിലെ വാണിജ്യ നികുതി ഇൻറലിജൻസ് ഒാഫിസിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് പരിശോധന നടന്നത്. നോർത്തേൺ മേഖല വിജിലൻസ് എസ്.പി ഉമ ബെഹ്റയുടെ നിർദേശപ്രകാരം കോഴിക്കോട്ടു നിന്നെത്തിയ സംഘമാണ് ഇൻറലിജൻസ് ഒാഫിസർ മോഹനൻ, ഇൻസ്പെക്ടർ ഫൈസൽ ഇസ്ഹാഖ് എന്നിവരെ പിടികൂടിയത്. ഇവരിൽനിന്ന് 60,000 രൂപയും കണ്ടെടുത്തു.
മലപ്പുറം ചെനക്കലങ്ങാടി സ്വദേശി പൊറോളി മുഹമ്മദലിയുടെ പരാതിയിലാണ് നടപടി. ചേളാരിയിൽ ഇദ്ദേഹം നിർമിച്ച കെട്ടിടത്തിൽ പരിശോധന നടത്തിയ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ എം സാൻഡിനും മെറ്റലിനും ബിൽ ഇല്ലാത്തത് കണ്ടെത്തിയിരുന്നു. മൂന്ന് ലക്ഷം രൂപ നികുതിയിനത്തിൽ അടക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് 60,000 രൂപ കൈക്കൂലിയായി നൽകുകയാണെങ്കിൽ നികുതി തുക 1,58,000 രൂപയാക്കി ചുരുക്കിത്തരാമെന്നും അറിയിച്ചു. ഇതോടെ മുഹമ്മദലി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം പണം നൽകാൻ മലപ്പുറം സിവിൽ സ്റ്റേഷനിലെ വാണിജ്യ നികുതി ഇൻറലിജൻസ് ഒാഫിസിൽ എത്താൻ വിജിലൻസ് മുഹമ്മദലിക്ക് നിർദേശം നൽകി. പറഞ്ഞതു പ്രകാരം ഒാഫിസിലെത്തിയ മുഹമ്മദലി മോഹനന് കൈക്കൂലി നൽകി പുറത്തിറങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ അകത്തുകടന്ന് പണം പിടികൂടുകയായിരുന്നു. മോഹനനിൽനിന്ന് 50,000 രൂപയും ഫൈസലിെൻറ കൈയിൽനിന്ന് 10,000 രൂപയുമാണ് പിടികൂടിയത്.
പ്രതികളെ വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോട് ഇൻറലിജൻസ് ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു. വിജിലൻസ് നോർേത്തൺ മേഖല ഡിവൈ.എസ്.പി അശ്വകുമാർ, സി.െഎമാരായ ചന്ദ്രമോഹൻ, പ്രവീൺ കുമാർ, എസ്.െഎ പ്രേമാനന്ദൻ, എ.എസ്.െഎ ശ്രീകുമാർ, ഫിറോസ്, സി.പി.ഒമാരായ ഷാജി, വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.