തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണം ഉന്നതരിലേക്കും. കൈക്കൂലി ഉന്നതർക്കുവേണ്ടിയാണെന്ന ശബ്ദരേഖയും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇൗമാസം 16ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ ഫോറസ്റ്റ് സെക്ഷൻ ഒാഫിസർ കെ.കെ. സലിം വിജിലൻസ് പിടിയിലായത്.
സാധാരണഗതിയിൽ ഇത്തരം കേസുകൾ വിജിലൻസ് പിടികൂടിയാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് അന്വേഷണം അവസാനിക്കുകയാണ് പതിവ്. എന്നാൽ, സലിമിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പിെൻറ വ്യാപ്തി വർധിക്കുകയാണ്.
അതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് വിജിലൻസ് കടന്നത്. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൂടി കേസിൽ ഇതിനകം പ്രതി ചേർത്തു. വകുപ്പിലെ ജീവനക്കാരായ ദിവ്യ റോസ്, രാജേഷ് എന്നിവരെയാണ് പ്രതി ചേർത്തത്. ഇവരുടെ വീടുകളിലും കഴിഞ്ഞദിവസം വിജിലൻസ് പരിശോധന നടത്തി.
സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ കീഴിൽ മണ്ണൊരുക്കുക, തൈകൾ നടുക, പരിപാലിക്കുക തുടങ്ങിയ പ്രവൃത്തികൾ കരാറെടുത്ത് ചെയ്തുവരുന്ന ആറ്റിങ്ങൽ സ്വദേശി ബിജുവിെൻറ നാല് ലക്ഷം രൂപ മാറിനൽകാനാണ് സലിം കൈക്കൂലി വാങ്ങിയത്. ബില്ലുകൾ മാറിക്കൊടുക്കാൻ 35 ശതമാനം തുകയായ 1.4 ലക്ഷം രൂപയാണ് സലിം ആവശ്യപ്പെട്ടത്.
ആദ്യ ഗഡു 70,000 രൂപ ഒാഫിസിൽ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. കരാറുകാരൻ വിവരം വിജിലൻസ് ഇൻറലിജൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. സലിമിെൻറ അറസ്റ്റിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർക്കുവേണ്ടിയാണ് കൈക്കൂലിയെന്ന ശബ്ദരേഖയും വിജിലൻസിന് ലഭിച്ചു.
തൊടുപുഴ: ഒാണച്ചെലവിന് എന്ന പേരിൽ ഹൈറേഞ്ചിലെ ഏലം കർഷകരിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ അന്വേഷണ റിപ്പോർട്ട് നൽകി. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടൊപ്പം അനധികൃത പണപ്പിരിവിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വനംവകുപ്പ് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
കട്ടപ്പന പുളിയന്മലയിലെ ഏലത്തോട്ടം ഉടമയുടെ വീട്ടിൽ വനപാലകർ മഫ്തിയിലെത്തി പണം പിരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് കുമളി റേഞ്ച് പുളിയന്മല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ ചെറിയാൻ വി. ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ എ. രാജു എന്നിവരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ഷാന്‍ട്രി കെ. ടോം പരാതിക്കാരായ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളിൽനിന്ന് മൊഴിയെടുത്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കൈമാറിയത്.
പരാതിക്കാർ സമർപ്പിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് സസ്പെൻഷനിലായ ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരായ പരാമർശം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പരാതിയിൽ പറയുന്ന മറ്റ് ഫോറസ്റ്റ് സെക്ഷൻ ഒാഫിസുകളിലും ഉടൻ പരിശോധന നടത്തും. പണം വാങ്ങിയില്ലെന്നും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ കടലാസാണ് വാങ്ങിയതെന്നുമാണ് വനപാലകരുടെ മൊഴി. എന്നാൽ, പണം പിരിച്ചെന്ന ആരോപണത്തിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണോ പണപ്പിരിവെന്നും അന്വേഷിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പിരിച്ച പണം തിരികെ നല്കി കേസ് ഒത്തുതീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.