കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതിയും അഭിഭാഷകനുമായ സൈബി ജോസ് കിടങ്ങൂരിന്റെ ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു ചോദിച്ചു. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യൽ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ് വിഷയമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി ജോസ് ഹൈകോടതിയെ സമീപിച്ചിത്. തനിക്കെതിരായ കേസ് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.
പ്രതിക്കെതിരെ ഉയർന്നിരിക്കുന്നതു ഗുരുതരമായ ആരോപണമാണെന്നാണ് കോടതി നിരീക്ഷിച്ചത്. അന്വേഷണം മുന്നോട്ടു പോകട്ടെ എന്നു വ്യക്തമാക്കിയ കോടതി സത്യം പുറത്തു വരട്ടെ എന്നും പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ തെളിവുകളില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന വാദവും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറിന് അഭിഭാഷകർ നൽകിയത് വ്യാജ പരാതിയാണെന്നായിരുന്നു ഹർജിയിൽ സൈബിയുടെ വാദം.
കേസിന്റെ എഫ്ഐആർ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. മുൻകൂർ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. സിനിമാ മേഖലയിലുള്ള കക്ഷിയിൽ നിന്നാണ് പണം വാങ്ങിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഹൈക്കോടതി ആവശ്യപ്രകാരം അഭിഭാഷകനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.