തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് സപ്ലൈ ഓഫിസർ (ടി.എസ്.ഒ) റിമാൻഡിൽ. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ കാടാച്ചിറ സ്വദേശി പി.കെ. അനിൽ (55) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിയായ പരാതിക്കാരന് കാറുള്ളതിന്റെ പേരിൽ ബി.പി.എൽ വിഭാഗത്തിൽനിന്ന് എ.പി.എൽ വിഭാഗത്തിലേക്ക് മാറ്റണമെന്നും ഇതുവരെ വാങ്ങിയ റേഷൻ സാധനങ്ങൾക്ക് പിഴയായി മൂന്നു ലക്ഷം രൂപ അടക്കണമെന്നും ടി.എസ്.ഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിഴ ഒഴിവാക്കാനായി 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 20ന് 10,000 രൂപ നൽകിയെങ്കിലും വീണ്ടും തുക ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഓഫിസിൽ 5000 രൂപ നൽകവേയാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം പിടികൂടിയത്. ഇൻസ്പെക്ടർ സുനിൽകുമാർ, എസ്.ഐമാരായ ഗിരീഷ്, ലിജേഷ്, പ്രവീൺ, ശ്രീജിത്ത് കോച്ചേരി, സീനിയർ സി.പി.ഒമാരായ സുഗേഷ് കുമാർ, ഹൈറേഷ്, വിജിൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.