തൃശൂര്‍: കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള നരേന്ദ്രമോദി ഭരണകാലത്ത് ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്ക് വേഗത്തിലുള്ള ചായ്വാണ് ഉണ്ടായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ഇക്കാര്യം തെളിയിക്കുന്നതാണെന്നും വൃന്ദ പറഞ്ഞു. ഇ.എം.എസ് സ്മൃതി ദേശീയ സെമിനാറില്‍ ‘ഇന്ത്യയിലെ ജനാധിപത്യവും ഏകാധിപത്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പുറന്തോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ശക്തിപ്രാപിക്കുന്നു. ഒരു രാജ്യം ഒരു നയം എന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്നത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി കോര്‍പറേറ്റുകളുടെ ഇംഗിതം നടപ്പാക്കുന്നു. ജനാധിപത്യ ശക്തികളുടെ ഇടപെടല്‍ വഴി മാത്രമേ രാജ്യം സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് വഴുതിവീഴുന്നത് ചെറുക്കാന്‍ സാധിക്കൂവെന്നും വൃന്ദ പറഞ്ഞു.
ബില്ലുകള്‍ പാസാക്കുന്നതിന് മുമ്പ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട് ചര്‍ച്ച ചെയ്യണമെന്ന ചട്ടം മോദി സര്‍ക്കാര്‍ തകര്‍ത്തു. 2014ന് മുമ്പ് 75 ശതമാനത്തോളം ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ വെറും 30 ശതമാനം ബില്ലുകള്‍ മാത്രമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടത്. പൂര്‍ണ തോതിലുള്ള ബജറ്റ് ചര്‍ച്ചയും മോദി സര്‍ക്കാര്‍ ഇല്ലായ്മ ചെയ്തു. ചര്‍ച്ചയില്ലാതെയാണ് ബജറ്റിന്റെ 80 ശതമാനത്തോളം പാസാക്കിയത്. 2024ല്‍ ഒരു ചര്‍ച്ചയുമില്ലാതെ ബജറ്റ് പാസാക്കി. ജുഡീഷ്യറിയില്‍ കൈകടത്തിയ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും വൃന്ദ കുറ്റപ്പെടുത്തി.
മോദി സര്‍ക്കാരിന്റെ കാലത്ത് യു.എ.പി.എ കേസുകള്‍ 72 ശതമാനത്തോളം വര്‍ധിച്ചു. 8,947 പേരാണ് ഇതുവരെ അറസ്റ്റിലായത്. യു.എ.പി.എ എടുത്തുകളയണമെന്നും വൃന്ദ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ധനബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഡയറക്ടര്‍ കെ.ജെ. ജോസഫ്, ധനകാര്യ കമീഷനുകളും കേരളവും എന്നതിനെക്കുറിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫൈനാന്‍സ് ആന്‍ഡ് പോളിസി പ്രഫസര്‍ ലേഖ ചക്രവര്‍ത്തി എന്നിവർ സംസാരിച്ചു. ഡോ. എ. പ്രേമ അധ്യക്ഷത വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന് സ്വാഗതവും സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
തൃശൂര്‍: കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വൃന്ദ കാരാട്ട്. സഹമന്ത്രി സ്ഥാനം സംബന്ധിച്ച് സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. ‘‘കേരളചരിത്രത്തില്‍ ആദ്യമായി തൃശൂരിലെ ജനങ്ങള്‍ ബി.ജെ.പിയുടെ അംഗത്തെ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കുകയും അദ്ദേഹം സര്‍ക്കാറില്‍ അംഗമാകുകയും ചെയ്തു. എന്നാല്‍ അദ്ദേഹം സന്തോഷവാനായിരിക്കില്ല. കാരണം അദ്ദേഹം മറ്റെന്തെങ്കിലുമാണ് പ്രതീക്ഷിച്ചത്’’- സെമിനാറില്‍ സംസാരിക്കവേ വൃന്ദ പറഞ്ഞു. കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പിക്ക് ആദ്യമായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സഹമന്ത്രിസ്ഥാനം മാത്രം ലഭിച്ചത് പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു വൃന്ദയുടെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.