തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാൻ പാടില്ലെന്ന സർക്കാറിന്റെ പഴയ ഉത്തരവ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കുട്ടിയുമായി ഓഫിസിൽ എത്തിയതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവ് ചിലർ കുത്തിപ്പൊക്കിയത്.
മനുഷ്യാവകാശ കമീഷന്റെ നിർദേശത്തെ തുടർന്നാണ് 2018ൽ ഉത്തരവിറങ്ങിയത്. സർക്കാർ ജീവനക്കാർ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് വിലപ്പെട്ട ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നതായും ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും ആരോപണം ഉയർന്ന സാഹചര്യത്തിൽ വകുപ്പ് മേധാവികൾ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമെന്നും കുട്ടികളെ കൊണ്ടുവരുന്ന പ്രവണത നിയന്ത്രിക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‍കാര വകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.