ആലുവ: ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിനെ കഴിഞ്ഞ നാല് വർഷമായി വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്നങ്ങളും അലട്ടിയിരുന്നു. കഴുത്ത് അനക്കുമ്പോൾ വേദനയും ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും മൂലം ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളിൽ 71കാരനായ സലീം പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല. ശ്വാസകോശ അണുബാധക്ക് മരുന്ന് കഴിച്ച് താത്കാലീക ആശ്വാസം നേടിയിരുന്ന സലീം മെയ് നാലിനാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്.
രാജഗിരിയിൽ എത്തുമ്പോൾ ബന്ധുക്കൾക്കും റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്കയും അവ്യക്തതയും ആയിരുന്നു. ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ. മെൽസി ക്ലീറ്റസിന്‍റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്. വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സി.ടി സ്കാനിൽ വ്യക്തമായി. അബദ്ധത്തിൽ പല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാർ. ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിൻറെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിൻറെ കഷണം നീക്കം ചെയ്തു.
ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ആർ. ദിവ്യ, ഡോ. ജ്യോത്സന അഗസ്റ്റിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി. രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാർത്ഥങ്ങൾ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണെങ്കിലും മുതിർന്നവരിൽ അസാധാരണമാണെന്ന് ഡോ. രാജേഷ് വി. പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം മികച്ചതാണെന്നും നാല് വർഷമായുളള ദുരിതത്തിൽനിന്നും പിതാവിന് മോചനം നൽകിയ ഡോക്ർമാർക്ക് നന്ദിയെന്നും സലീമിൻറെ മകൻ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.