കൊല്ലപ്പെട്ട സുജാത. അക്രമക്കേസിൽ അറസ്റ്റിലായവർ

രക്തമുറയുന്ന കൊടുംക്രൂരത! പട്ടിയെ വിട്ട് കുട്ടിയെ കടിപ്പിച്ചു, പ്രതികാരമായി അമ്മയെ വെട്ടിക്കൊന്നു; സിനിമയെ വെല്ലുന്ന ഗുണ്ടാ ആക്രമണത്തിൽ മക്കൾ അടക്കം നാലുപേർ അറസ്റ്റിൽ

അടൂര്‍: നിസ്സാരമായ വഴിത്തർക്കത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനെയടക്കം പട്ടിയെ വിട്ട് കടിപ്പിക്കുകയും പ്രതികാരമായി വീട്ടമ്മയെ വെട്ടിക്കൊല്ലുകയും ചെയ്ത സംഭവത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മക്കൾ അടക്കം മൂന്നുപേർ അറസ്റ്റിൽ. നാദിമംഗലത്ത് വീടു കയറി ആക്രമണവും പ്രത്യാക്രമണവും നടന്ന കേസില്‍ കൊല്ലപ്പെട്ട സുജാതയുടെ രണ്ട് ആണ്‍മക്കള്‍ സഹിതം നാലു പേരെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തിന് തുടക്കമിട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സുജാതയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അടൂര്‍ പോലീസും അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഒഴുകുപാറ വടക്കേ ചരുവില്‍ സുജാതയുടെ മക്കളായ സൂര്യലാല്‍ (26), ചന്ദ്രലാല്‍ (21), ഇവരുടെ സുഹൃത്ത് കൊട്ടാരക്കര നെടുവത്തൂര്‍ വല്ലം വിനായകം വീട്ടില്‍ വിഘ്‌നേഷ് (26) എന്നിവരെയാണ് ഏനാത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. മനോജ്കുമാര്‍ അറസ്റ്റ് ചെയ്തത്. സുജാതയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സുജാത കൊല്ലപ്പെട്ട കേസില്‍ കുറമ്പകര എല്‍സി ഭവനത്തില്‍ അനീഷ് (32) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ചീനിവിള കോളനിക്ക് സമീപം ഉണ്ടായ സംഘര്‍ഷത്തിനിടെ ആയുധം കൊണ്ട് തലയ്ക്കടിച്ചും പട്ടിയെ വിട്ടു കടിപ്പിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി എടുത്ത കേസിലാണ് അറസ്റ്റ്. മുളയംകോട് പടിഞ്ഞാറെ പുത്തന്‍ വീട്ടില്‍ ശരണ്‍ മോഹനന്റെ പരാതിയെ തുടര്‍ന്ന് ഏനാത്ത് പോലീസ് 19 നാണ് കേസ് എടുത്തത്. സംഘര്‍ഷത്തില്‍ ശരണ്‍ മോഹന്‍, സഹോദരന്‍ ശരത്ത്, സഹോദരി രേവതി, രേവതിയുടെ ഭര്‍ത്താവ് മോനിഷ്, മോഹനന്‍ (68) അനീഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

ശരണ്‍, ശരത്ത്, മോനിഷ് എന്നിവര്‍ക്ക് പട്ടിയുടെ കടിയുമേറ്റു. പിഗ് ബുള്‍ ഇനത്തില്‍പ്പെട്ട നായുമായിട്ടാണ് സൂര്യലാലും ചന്ദ്രലാലും ക്വട്ടേഷന്‍ എടുക്കാന്‍ എത്തിയത്. ചീനിവിള കോളനി ഭാഗത്ത് സന്ധ്യ എന്നയാള്‍ക്ക് വീട് വയ്ക്കാന്‍ വസ്തു നിരപ്പാക്കിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

ശരണിന്റെ വീട്ടിലേക്ക് പോകാനുള്ള നടവഴിയില്‍ മുള്ളുവേലിക്ക് സമീപം വരെ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തു. ഇതോടെ നടവഴിയിടിഞ്ഞ് പോകുമെന്നതിനാല്‍ ഇടിയാതിരിക്കാന്‍ കെട്ടി കൊടുക്കാനുള്ള കരാര്‍ എഴുതാന്‍ തുടങ്ങിയിരുന്നു. അതിനോടകം മണ്ണെടുപ്പ് കഴിഞ്ഞതിനാല്‍ കരാര്‍ ഒപ്പിട്ടില്ല. ഇതിനെ തുടര്‍ന്ന് ശരണും സംഘവും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം തടഞ്ഞു. വിവരമറിഞ്ഞ് സൂര്യലാല്‍, ചന്ദ്രലാല്‍, വിഘ്‌നേഷ് എന്നിവര്‍ സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ചെയ്തു.

സൂര്യലാല്‍ പതിവു പോലെ വളര്‍ത്തു നായയുമായിട്ടാണ് ക്വട്ടേഷന് വന്നത്. ഇവര്‍ അനീഷുമായി ഏറ്റുമുട്ടി. ശരണ്‍ ഉള്‍പ്പെടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ഇതിനുള്ള തിരിച്ചടി നല്‍കാന്‍ ശരണിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം ഞായറാഴ്ച രാത്രി സൂര്യലാലിന്റെ വീട്ടിലെത്തി. മക്കളെ ഇറക്കി വിടാന്‍ സുജാതയോട് ഇവര്‍ ആവശ്യപ്പെട്ടു. വീട്ടില്‍ ഇല്ലെന്ന് പറഞ്ഞതോടെ ആക്രമണം തുടങ്ങി. വീട്ടു സാധനങ്ങള്‍ വാരി കിണറ്റിലിട്ടു.

ആക്രമണത്തിന് ഉപയോഗിച്ച പട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ച സുജാതയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. കല്ലെടുത്ത് വാരിയെല്ലിന് എറിഞ്ഞു. മക്കളുടെ സുഹൃത്തായ അക്ബറിനെ വിളിച്ചു വരുത്തി അയാളുടെ ബൈക്കിന് പിന്നില്‍ ഇരുന്നാണ് സുജാത ആശുപത്രിയിലേക്ക് പോയത്. തലച്ചോറില്‍ രണ്ടിടത്ത് പൊട്ടലുണ്ടായി വാരിയെല്ലിനും ക്ഷതമേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട സുജാത സര്‍ജറിക്കിടെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് ഏനാത്ത് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായത്.

അനീഷിനെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുറുമ്പകരയില്‍ നിന്നുമാണ് ഇന്‍സ്‌പെക്ടര്‍ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

Tags:    
News Summary - Brutality! Four arrested in gang attack and murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.