കൊച്ചി: ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വിൽക്കുന്നു. തീരുമാനം ടെലികോം വകുപ്പ് അംഗീകരിച്ചു. സാങ്കേതിക നവീകരണവും 2020ലെ ജീവനക്കാരുടെ സ്വയംവിരമിക്കലും കാരണം രാജ്യത്തുടനീളം അധിക ഭൂമിയും കെട്ടിടങ്ങളിലെ സ്ഥലലഭ്യതയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാത്തതോ മിച്ചമുള്ളതോ ആയ ഭൂമി ആസ്തികൾ സ്ഥാപനത്തിന്റെ ധനസമ്പാദന ആവശ്യത്തിനായി വിൽക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കേരള സർക്കിൾ 24 മിച്ചഭൂമി പാഴ്‌സലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒഴിഞ്ഞുകിടക്കുന്ന രണ്ട് ഭൂമികളാണ് ഇ-ടെൻഡർ വഴിയും തുടർന്ന് എം.എസ്.ടി.സി വഴി ഇ-ലേലത്തിലൂടെയും വിൽക്കുക. മത്സരാധിഷ്ഠിത ലേലപ്രക്രിയയിലൂടെയാണ് വിൽപന. ആലുവ ചൂണ്ടി ടെലിഫോൺ എക്സ്ചേഞ്ചിലാണ് 16.74 കോടി കരുതൽ വിലയുള്ള 9000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആസ്തി വിൽപനക്കുള്ളത്. വിശദാംശങ്ങൾ https://www.mstcecommerce.com പോർട്ടലിൽ ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലേല ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്നിന് വൈകീട്ട് മൂന്നാണ്. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ. ലത, കെ. അനിത എന്നിവരും കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജികുമാർ, സീനിയർ ജനറൽ മാനേജർ ആർ. സതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.