കോട്ടയം: സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖല സംബന്ധിച്ച ആശങ്കക്കും പ്രതിസന്ധിക്കും കാരണം വസ്തുവിവരപ്പട്ടിക തയാറാക്കാത്തത്. വനം വകുപ്പ് അനാസ്ഥയാണ് പതിറ്റാണ്ടുമുമ്പ് തയാറാക്കേണ്ട പട്ടിക അവഗണിക്കപ്പെടാൻ കാരണം.
പരിസ്ഥിതിലോല മേഖലകൾ നിർദേശിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനാണ്. വനം വകുപ്പാണ് ഇതു സംബന്ധിച്ച നിർദേശം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അയക്കുന്നത്. 2011-16 കാലഘട്ടത്തിലാണ് തുടക്കം കുറിച്ചത്. പഞ്ചായത്ത്, വില്ലേജ് തലങ്ങളിൽനിന്ന് വിവിധ തട്ടുകളിലെ ഉദ്യോഗസ്ഥരുടെ പരിഗണനക്കുശേഷം വനം വകുപ്പിലെത്തിയ ഈ നിർദേശങ്ങൾ വനം മന്ത്രിയുടെ ശിപാർശയോടെയാണ് മന്ത്രിസഭയിലെത്തിയത്. മന്ത്രിസഭ യോഗത്തിനു മുമ്പ് മന്ത്രിമാർക്കു കിട്ടുന്ന കാബിനറ്റ് നോട്ടിൽ പ്രശ്നം പ്രതിപാദിച്ചിരുന്നു. നിരവധി തലങ്ങളിലെ ചർച്ചകൾക്കുശേഷം മന്ത്രിസഭ അനുമതിയോടെയാണ് നിലവിലെ വിവാദ തീരുമാനങ്ങളുണ്ടായത്. എന്നാൽ, സുപ്രീംകോടതി നിർദേശിച്ചപോലെ പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വസ്തുവിവരപ്പട്ടിക സംസ്ഥാന വനം വകുപ്പ് തയാറാക്കിയിട്ടില്ലെന്ന ഗുരുതര കൃത്യവിലോപം എല്ലാവരും അവഗണിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2001 ഫെബ്രുവരി ഒമ്പതിന് തയാറാക്കിയ മാർഗനിർദേശങ്ങളിൽ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നത് എങ്ങനെയായിരിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ സംരക്ഷിത മേഖലക്കും ചുറ്റുമുള്ള വിവിധ ഭൂമി ഉപയോഗ രീതികൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, വിവിധതരം പ്രവർത്തനങ്ങൾ, വ്യവസായങ്ങളുടെ എണ്ണം, തരം എന്നിവയുടെ വസ്തുവിവരപ്പട്ടിക തയാറാക്കണം. ബന്ധപ്പെട്ട വൈൽഡ് ലൈഫ് വാർഡൻ, ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥൻ, അതത് സ്ഥലത്തെ റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരെ ചേർത്ത് കമ്മിറ്റി രൂപവത്കരിക്കണം. കേരളത്തിലെ വനം വകുപ്പ് വസ്തുവിവരപ്പട്ടിക തയാറാക്കിയിരുന്നെങ്കിൽ ഇപ്പോഴുള്ള ആശങ്കയും വിവാദങ്ങളും ഒപ്പം തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റിയുടെ നിയമനവും ഒഴിവാക്കാനാകുമായിരുന്നു.
കർഷക സംഘടനകൾ നൽകിയ വിവരാവകാശ അപേക്ഷകൾക്ക് 2022 ജൂലൈ 30ന് ലഭിച്ച മറുപടിയിൽ കേരളത്തിൽ പരിസ്ഥിതിലോല മേഖലക്കായി വനം വകുപ്പ് ഒരു തരത്തിലുള്ള വസ്തുവിവരപ്പട്ടികയും തയാറാക്കിയിട്ടില്ലെന്ന് വനം വകുപ്പ് മേധാവി സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്നുള്ള കരുതൽ മേഖല നിർദേശങ്ങളെല്ലാം നിയമവിരുദ്ധമാണ്. കരുതൽ മേഖല പൂജ്യം മുതൽ ഒരു കിലോമീറ്റർവരെ എന്നു വനം വകുപ്പും സർക്കാറും പറയുന്നുണ്ടെങ്കിലും പലയിടത്തും അതിൽക്കൂടുതൽ വരുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും 2.72 കിലോമീറ്ററാണ് കരുതൽ മേഖല. നെയ്യാറ്റിൻകര താലൂക്കിൽ അമ്പൂരി, കള്ളിക്കാട്, കാട്ടാക്കടയിൽ വാഴിച്ചാൽ വില്ലേജുകളും നെടുമങ്ങാട് താലൂക്കിൽ വിതുര, മണ്ണൂർക്കര വില്ലേജുകളും കരുതൽ മേഖലയിൽപെടുന്നു. 20,000ത്തിന് മേൽ നിർമിതികൾ ഈ ഭാഗത്തെ കരുതൽ മേഖലയിലുണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു. എന്നാൽ, വനം വകുപ്പിന്റെ കണക്കിൽ അത് 15,000ത്തിൽ താഴെ മാത്രമാണ്. മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും 13 വില്ലേജുകളിലെ പ്രദേശങ്ങളാണ് പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചത്. ചെമ്പനോട, ചക്കിട്ടപ്പാറ, പേരാമ്പ്ര, കൂരാചുണ്ട് തുടങ്ങിയ പട്ടണങ്ങളിൽ പതിനായിരങ്ങൾ തിങ്ങി താമസിക്കുന്നിടത്താണ് കരുതൽ മേഖല വരുന്നത്. കുടിയേറ്റത്തിലൂടെ രൂപപ്പെട്ട നിരവധി മലയോര പട്ടണങ്ങൾ വനസമാനമായേക്കാവുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.