തിരുവനന്തപുരം: കരുതൽമേഖല വിഷയത്തിൽ സുപ്രീംകോടതിയിലെ കേസിൽ കേരളം കക്ഷിചേരാനാവശ്യമായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം ഫയൽചെയ്തു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും 2020-21ലെ സര്‍വേ റിപ്പോര്‍ട്ടും നിലവില്‍ സ്വീകരിക്കുന്ന തുടര്‍നടപടികളും ഉള്‍പ്പെടുന്നതാണ് സത്യവാങ്മൂലം. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ നിലവിലുള്ള അഭിഭാഷകരെക്കൂടാതെ വനം-പരിസ്ഥിതി കേസുകൾ കൈകാര്യംചെയ്ത് പ്രാഗല്ഭ്യമുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം തേടുന്നതും പരിഗണിക്കുന്നു. അതേസമയം, കരുതൽമേഖല വിഷയത്തിൽ കേന്ദ്രസർക്കാർ സമർപ്പിച്ച ഹരജിയിൽ 11ന് വാദം കേൾക്കുമെങ്കിലും കേരളം നേരത്തെ നൽകിയ പുനഃപരിശോധന ഹരജി ഇതോടൊപ്പം പരിഗണിക്കാൻ സാധ്യതയില്ല.
അതിനാൽ ഉപഗ്രഹ സർവേയിലൂടെ സംസ്ഥാനം തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ജനവാസ മേഖലകൾ സംബന്ധിച്ച വിവരം കൂട്ടിച്ചേർക്കാൻ കൂടുതൽ സമയം ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഫീൽഡ് പരിശോധന നടത്തി മൊബൈൽ ആപ്ലിക്കേഷനിലൂടെ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
കരുതൽ മേഖല സംബന്ധിച്ച് 38,909 പരാതികളാണ് ഇതുവരെ ലഭിച്ചത്. ബുധനാഴ്ച മാത്രം 12,879 പരാതികള്‍ വന്നു. ജനുവരി ഏഴുവരെ പരാതികള്‍ സമര്‍പ്പിക്കാം.
തദ്ദേശസ്ഥാപനങ്ങളില്‍ തയാറാക്കിയ ഹെല്പ് ഡെസ്ക്കുകളില് ലഭിക്കുന്ന പരാതികളില്‍ തുടര്‍നടപടികള്‍ ഒച്ചിഴയും വേഗത്തിലാണെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.