തൊടുപുഴ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും കരുതൽ മേഖല (ബഫർസോൺ) നിര്‍ണയിക്കുന്ന ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് സര്‍വേ. കരുതൽ മേഖലയിൽ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ജനവാസ കേന്ദ്രമാണെന്നാണ് കേരളത്തിന്റെ വാദം.
ഇതു തെളിയിക്കാന്‍ മാത്രം നടത്തുന്ന ഉപഗ്രഹ സര്‍വേ ഏതെങ്കിലും തരത്തിലെ ആധികാരിക രേഖയല്ല. നിലവില്‍ കരുതൽ മേഖലയായി നിശ്ചയിച്ച ജനവാസ കേന്ദ്രങ്ങൾ ആണെന്ന് കാണിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വാദത്തിന് സുപ്രീം കോടതിയില്‍ ബലമേറുമെന്നും മന്ത്രി പറഞ്ഞു.
വെബ്‌സൈറ്റില്‍ ചേർത്ത സര്‍വേ സ്‌കെച്ചുകളില്‍ വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വേ നമ്പറും സബ് ഡിവിഷനും ഉള്‍പ്പെടുത്താന്‍ സാധിക്കാത്തത് പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. പ്രദേശത്തിന്റെ ഗൂഗിള്‍ മാപ്പ് കൂടി സ്‌കെച്ചുകള്‍ക്കൊപ്പം ഉള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിനുള്ള നിര്‍ദേശം വനം വകുപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ അതതു പഞ്ചായത്തുകളിലും നഗരസഭകളിലും ഉടൻ ഹെല്‍പ് ഡെസ്‌ക് തുടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥലം കരുതൽ മേഖലയിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഹെല്‍പ് ഡെസ്‌കുകള്‍ വഴി പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.വീടുകളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെട്ടിട്ടുള്ളവര്‍ പഞ്ചായത്തില്‍ അറിയിച്ചാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരില്‍ വന്ന് സ്ഥലം സന്ദശിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.ഫീല്‍ഡ് സര്‍വേ വഴി മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. ജനുവരി രണ്ടാം വാരം സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാലാണ് പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സമയപരിധി കുറച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തൊടുപുഴ: കരുതൽ മേഖല വിഷയത്തില്‍ സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആൻഡ് എണ്‍വയണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ.
ജനവാസ മേഖലയിലെ ഓരോ നിര്‍മിതിയെ കുറിച്ചും നേരിട്ട് സ്ഥല പരിശോധന നടത്തി കുറ്റമറ്റ രീതിയില്‍ വേണം റിപ്പോര്‍ട്ട് തയാറാക്കാന്‍.നിലവിൽ നിര്‍മാണങ്ങള്‍ അടയാളപ്പെടുത്തിയത് അശാസ്ത്രീയമാണെന്ന് പരാതിയുണ്ട്.സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍ പരിഹരിക്കണം. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിനൽകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
ചെറുതോണി: കരുതൽ മേഖല വിഷയത്തില്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ഹൈറേഞ്ച് നിവാസികളെ കൂടുതല്‍ ആശങ്കയിലും സമ്മര്‍ദത്തിലുമാക്കുന്നതാണെന്ന് ഇടുക്കി രൂപത ജാഗ്രത സമിതി. വനപ്രദേശമായോ ഈ പ്രദേശത്തിന്‍റെ സാമൂഹിക ആവാസ വ്യവസ്ഥകളുമായോ യാതൊരുവിധ പരിചയവുമില്ലാത്ത വിദഗ്ധര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിഷയം കൂടുതല്‍ സങ്കീർണമാക്കി.
കരുതൽമേഖലകള്‍ തിരിച്ചറിയാനുള്ള അടയാളങ്ങൾ വ്യക്തമല്ല. പുഴകള്‍, വാര്‍ഡ് അതിര്‍ത്തികള്‍, പഞ്ചായത്ത് വില്ലേജ്തല നമ്പരുകള്‍ എന്നിവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ല. ജനകീയതാൽപര്യം പരിഗണിച്ച് നിജസ്ഥിതി കോടതിയില്‍ ബോധ്യപ്പെടുത്തി അനുകൂലവിധി സമ്പാദിക്കാനുള്ള നടപടികള്‍ അടിയന്തരമായി സർക്കാർ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
അടിമാലി: 2019 ഡിസംബർ 17 ന് നടന്ന സർവകക്ഷി യോഗ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും ശനിയാഴ്ച വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു അറിയിച്ചു.
കട്ടപ്പന: ഭൂപ്രശ്നത്തിൽ സർവ കക്ഷിയോഗം എടുത്ത തീരുമാനങ്ങൾ നടപ്പാക്കാതെ മലയോരജനതയെ വഞ്ചിക്കുന്ന മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ജില്ലയിൽ കരിദിനം ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുൺ അറിയിച്ചു.മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്നും നേതാക്കളായ പ്രശാന്ത് രാജു, അരവിന്ദ് വാസു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.