പരിസ്ഥിതി ലോല മേഖല: സംസ്ഥാന സർക്കാർ തിരുത്തൽ ഹരജി നൽകും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സംസ്ഥാന സർക്കാർ തിരുത്തൽ ഹരജി നൽകും. വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാൻ മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി ലോല മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാറിന് സംസ്ഥാന സർക്കാർ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

പരിസ്ഥിതി ലോല മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും.

ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്. യോഗത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Buffer Zone: State Government will file modification petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.