കൊച്ചി: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വർധനക്ക് കളമൊരുങ്ങുന്നു. നിരക്ക് വർധന പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ നവംബർ 30ന് ബസ് ഉടമകളിൽനിന്ന് തെളിവെടുക്കും. വിദ്യാർഥികളുടേതടക്കം നിരക്ക് വർധന ആവശ്യപ്പെടാനും അംഗീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനുമാണ് ബസ് ഉടമകളുടെ തീരുമാനം.
രാമചന്ദ്രൻ കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ 2014 മേയിലാണ് അവസാനമായി ബസ് യാത്രാനിരക്ക് വർധിപ്പിച്ചത്. ഇതിനുശേഷം പ്രവർത്തനച്ചെലവ് ഗണ്യമായി കൂടിയെന്നും നിരക്ക് കൂട്ടിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകാതെ സർവിസ് നിർത്തിവെക്കേണ്ടിവരുമെന്നുമാണ് ഉടമകളുടെ വാദം. എത്ര നിരക്ക് വർധന ആവശ്യപ്പെടണമെന്നതടക്കം തീരുമാനിക്കാൻ ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷെൻറ കേന്ദ്ര കമ്മിറ്റി ശനിയാഴ്ച തലശ്ശേരിയിൽ യോഗം ചേരും.
ചെറുവാഹനങ്ങളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറയുന്നു. ബസുടമകളും മറ്റ് ബന്ധപ്പെട്ടവരുമായി 30ന് കമീഷൻ നടത്തുന്ന അന്തിമ കൂടിക്കാഴ്ചക്കുശേഷമാകും നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കുക. മിനിമം ചാർജ് എട്ടുരൂപയെങ്കിലും ആകുമെന്നാണ് സൂചന. വിദ്യാർഥികളുടെ നിരക്ക് നിലവിലെ 14 ശതമാനത്തിന് പകരം 50 ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.