പൊന്നാനി: കുറ്റിപ്പുറം, എടപ്പാൾ, ചാവക്കാട് എന്നിവിടങ്ങളിൽനിന്നും പൊന്നാനിയിലേക്ക് വരുന്ന ബസുകളിൽ മാലമോഷണം വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം എടപ്പാളിൽനിന്ന് പൊന്നാനിയിലേക്ക് വരുന്ന ബസിൽനിന്നും മാല മോഷ്ടിച്ചതിന് തമിഴ്നാട് സ്വദേശികളായ നന്ദിനി, ദിവ്യ എന്നിവരെ പിടികൂടിയിരുന്നു. വാർത്തകൾ വന്നതോടെ ഇവർക്കെതിരെ കൂടുതൽ പേർ പരാതിയുമായി എത്തി.
കരിമ്പനയിൽ നിന്നുള്ള യുവതിയുടെ സ്വർണം കഴിഞ്ഞ ബുധനാഴ്ച മോഷ്ടിക്കപ്പെട്ടിരുന്നു. കുറ്റിപ്പുറത്തുനിന്ന് നരിപ്പറമ്പ് വഴി പൊന്നാനിയിലേക്ക് വരുന്ന മഹനാസ് ബസിൽ വെച്ചാണ് മോഷണം നടന്നത്. ആ ബസിൽ അറസ്റ്റിലായ സ്ത്രീകൾ ഉണ്ടായിരുന്നു എന്നാണ് കരിമ്പന സ്വദേശി പൊലീസിൽ മൊഴി നൽകിയത്. പൊലീസ് സാന്നിധ്യത്തിൽ ഇവരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
എടപ്പാൾ-പൊന്നാനി റൂട്ടിലോടുന്ന തവക്കൽ ബസിൽനിന്ന് പത്മിനി എന്ന 65 കാരിയുടെ മാല മോഷ്ടിച്ചതിനാണ് തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ അറസ്റ്റിലായത്. ഇവർക്കെതിരെ കൂടുതൽപേർ പരാതിയുമായി വരുന്നുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. പലരും നാണക്കേടോർത്ത് മൂടിവെക്കുകയാണ്. പ്രായമായ ആളുകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളാണ് ഇവർ പതിവായി മോഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.