ഫി​റ്റ്ന​സും ഇ​ൻ​ഷു​റ​ൻ​സും ഇ​ല്ലാ​തെ നാ​ദാ​പു​ര​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​നം

ബസ് സമരം മുതലെടുത്ത് ഫിറ്റ്നസില്ലാ വാഹനങ്ങൾ; യാത്രക്കാരുടെ ജീവന് വിലയില്ല

നാദാപുരം: സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ അവസരം മുതലെടുത്ത് ചെറു വാഹന ഉടമകൾ. കട്ടപ്പുറത്തായ ടാക്സി, സ്വകാര്യ വാഹനങ്ങൾ സർവിസ് നടത്തുന്നത് അപകടം വിളിച്ചുവരുത്തുകയാണ്. ഇത്തരം വാഹനങ്ങൾ റോഡിലിറങ്ങിയിട്ടും അധികൃതർ കാണിക്കുന്ന മൗനം യാത്രക്കാരുടെ ജീവന് ഭീഷണിയായി.

കട്ടപ്പുറത്തായിരുന്ന ജീപ്പ്, ട്രാവലർ വാൻ എന്നിവ തട്ടിക്കൂട്ടിയാണ് ചിലർ വീണ്ടും സർവിസ് നടത്താൻ എത്തിയത്. യാത്രക്കാരെ പിഴിയുന്ന കൂലിയാണ് ഇവർ ഈടാക്കുന്നത്. ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയൊന്നും ഇല്ലാത്ത നിരവധി വാഹനങ്ങളാണ് നാദാപുരം മേഖലയിൽ റോഡിൽ ഇറങ്ങിയിരിക്കുന്നത്. നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാരെ കുത്തിനിറച്ച് സർവിസിന് ഒരുങ്ങിയ ട്രാവലർ ശനിയാഴ്ച ട്രാഫിക് പൊലീസ് പിടികൂടി രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലെന്ന് ബോധ്യമായി.

ഇത്തരത്തിലുള്ള നിരവധി വാഹനങ്ങളാണ് മലയോര മേഖലയിൽ അടക്കം സർവിസ് നടത്തുന്നത്. കോവിഡ് കാലത്ത് സർവിസ് നടത്താൻ കഴിയാതെ വീട്ടുവളപ്പിലും മറ്റും നിർത്തിയിട്ട് ഉപയോഗിക്കാതെ കേടുവന്ന വാഹനങ്ങളാണ് ഇവയിൽ ഏറെയും. യാത്രക്കാരുടെ ജീവൻ പണയംവെച്ച് സർവിസ് നടത്തുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. നിയമം കാറ്റിൽ പറത്തി സർവിസ് നടത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ അതിന്റെ ദുരിതം യാത്രക്കാരൻകൂടി സഹിക്കേണ്ടിവരും. മലയോര മേഖലയിൽ വിദ്യാർഥികളടക്കം തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്.

Tags:    
News Summary - Bus strike: Vehicles running without fitness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.