സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ പദ്ധതി ഫാസ്റ്റ് ട്രാക്കിൽ; വി.ഐ.പി സേഫ് ഹൗസ്, ട്രാൻസിറ്റ് ഹോട്ടൽ എന്നിവയും ഒരുങ്ങുന്നു

നെടുമ്പാശേരി: കേന്ദ്ര സർക്കാർ ഏജൻസികളായ കസ്റ്റംസ്, ഇമിഗ്രേഷൻ, സി.ഐ.എസ്.എഫ് എന്നിവ സംയുക്തമായി പരിശോധന നടത്തിയതോടെ കൊച്ചിൻ ഇന്ർ‍റനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ബിസിനസ് ജെറ്റ് ടെർമിൽ പദ്ധതി ഫാസ്റ്റ് ട്രാക്കിലായി. നേരത്തെ ആഭ്യന്തര ഓപ്പറേഷന് ഉപയോഗിച്ചിരുന്ന ടി-2ൽ ബിസിനസ് ജെറ്റ് ടെർമിനൽ, വി.ഐ.പി സേഫ് ഹൗസ്, ട്രാൻസിറ്റ് ഹോട്ടൽ എന്നിവ പണികഴിപ്പിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. 

കസ്റ്റംസ് കമീഷണർ മുഹമ്മദ് യൂസഫ് , ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫിസർ അനൂപ് കൃഷ്ണൻ സി.ഐ.എസ്.എഫ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് സീനിയർ കമാൻഡന്‍റ് സുനിത് ശർമ എന്നിവരടങ്ങിയ സംഘമാണ് ടെർമിനൽ -2 ൽ പരിശോധന നടത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

ഔപചാരികമായ അനുമതിയ്ക്കുവേണ്ടി പദ്ധതിയെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംയുക്ത സമിതി, സിയാലിന് നിർദേശം നൽകി. അനുമതി നടപടികൾക്ക് തുടക്കമായതോടെ ടെർമിനൽ-2ന്‍റെ പുനരുദ്ധാരണ പ്രവൃത്തികൾ സെപ്റ്റംബറിൽ ആരംഭിക്കാനാകും. നേരത്തെ ആഭ്യന്തര ഓപ്പറേഷൻ നടത്തിയിരുന്ന രണ്ടാം ടെർമിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ഇതാണ് ഇപ്പോൾ നവീകരിക്കുന്നത്. ഇത് മൂന്ന് ബ്ലോക്കായി തിരിക്കും.

മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, കസ്‌ററംസ്, ഇമിഗ്രേഷൻ സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്‍റ് ഉൾപ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും.

ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണികഴിപ്പിക്കുക. വാടക പ്രതിദിന നിരക്കിൽ ഈടാക്കുന്നതിന് പകരം, മണിക്കൂർ നിരക്കിൽ ഈടാക്കുന്നതോടെ ലഘുസന്ദർശനത്തിനെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് ബ്ലോക്കുകൾ ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് സിയാൽ പദ്ധതിയിടുന്നത്.

Tags:    
News Summary - business jet terminal programme in CIAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.