കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അനസിന്റെ ഭാര്യ സജന സലീമാണ് (41) അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്.
മോഹന വാഗ്ദാനം നൽകി കീരിക്കാട് സ്വദേശിയുടെ രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഒന്നാം പ്രതിയായ ഇവർ അറസ്റ്റിലായത്. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയ ശേഷം ലാഭ വിഹിതം ഉറപ്പ് നൽകി കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നു.
ആദ്യ കാലങ്ങളിൽ കൃത്യമായി ലാഭ വിഹിതം നൽകി വിശ്വാസം നേടിയ ശേഷം കൂടുതൽ തുക വാങ്ങുകയായിരുന്നു. ഇവർ പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകളും നിലവിലുണ്ട്.
കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റീന, പൊലീസുകാരായ സബീഷ്, സുന്ദരേഷ് കുമാർ, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.