സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു

ന്യൂഡൽഹി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ 2002ലെ ഹജ്ജ് കമ്മിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള ഒരു അംഗത്തെയാണ് ഇത്തരത്തില്‍ നിര്‍ദേശിക്കേണ്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ സി മുഹമ്മദ് ഫൈസിയെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

തുടർച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറും എഴുത്തുകാരനും വാഗ്മിയുമാണ്. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമാണ്. ഇന്ത്യയിലാകെ ആയിരക്കണക്കിന് മദ്‌റസകള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ എന്നിവകളില്‍ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരള വഖ്ഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് ബിജെപി ദേശീയ വെെസ് പ്രസിഡന്റ് എ പി അബ്ദുുല്ലക്കുട്ടിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി നിയമത്തിലെ വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാറിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. 

Tags:    
News Summary - C. Muhammad Faizi was elected a member of the Central Hajj Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.