വാഴയൂർ: താൻ അറിഞ്ഞ വ്യക്തിത്വങ്ങളിൽ നന്മ ചൊരിയുന്ന പൂമരമായിരുന്നു പ്രഫ. കെ.എ. സിദ്ദീഖ് ഹസനെന്ന് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സ്ഥാപകട്രസ്റ്റിയും സാമൂഹികപ്രവർത്തകനുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ലോകത്തിന് നന്മ ചെയ്ത് മതിയാകാതെയാണ് അദ്ദേഹം വിട ചൊല്ലിയത്. അഭൂതപൂർവമായ ശാസ്ത്രവളർച്ച ലോകം കൈവരിക്കുമ്പോൾതന്നെ ഗ്രൂപ്പുകളുടെയും കമ്യൂണുകളുടെയും ഇടുങ്ങിയ അടരുകളിലേക്ക് നാം ചുരുങ്ങുന്നത് അതിശയമാണ്’ -സി. രാധാകൃഷ്ണൻ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജമണി എന്നിവർ മുഖ്യാതിഥികളായി. സാങ്കേതികവിദ്യ ഇന്ന് ലോകഗതി മാറ്റുകയാണെന്ന് വേണു രാജമണി അഭിപ്രായപ്പെട്ടു.
സാഫി കോളജിന്റെ പ്രഥമ ബിരുദദാന സമ്മേളനവും സംഘടിപ്പിച്ചു. കഴിഞ്ഞവർഷം കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അഞ്ഞൂറോളം വിദ്യാർഥികളെ ആദരിച്ചു. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം തയാറാക്കിയ ‘കാമ്പസ് നൗ’ പ്രത്യേക പത്രപതിപ്പ് പ്രകാശനവും നടന്നു.
സാഫി ട്രസ്റ്റ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വൈസ് ചെയർമാൻ പി.കെ. അഹമ്മദ്, പ്രിൻസിപ്പൽ പ്രഫ. ഇ. ഇമ്പിച്ചിക്കോയ, ജനറൽ സെക്രട്ടറി എം.എ. മെഹബൂബ്, സാഫി ട്രാൻസ്ഫോർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹീം, ഡോ. അബ്ദുൽ സലാം അഹ്മദ്, സാഫി ട്രഷറർ സി.പി. കുഞ്ഞിമുഹമ്മദ്, മീഡിയവൺ സി.ഇ.ഒ റോഷൻ, സി.എം. നജീബ്, ഡോ. സി.പി. ഹബീബ് റഹ്മാൻ, സാഫി ചീഫ് ഓപറേറ്റിങ് ഓഫിസർ കേണൽ നിസാർ അഹമ്മദ് സീതി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.