കണ്ണൂർ: മതാധിഷ്ഠിതമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളത്തിന്റേത് വ്യത്യസ്ത ശബ്ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന സി.എ.എ വിരുദ്ധ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ ലക്ഷ്യത്തിലേക്കുള്ള പാലമാണ് പൗരത്വ നിയമ ഭേദഗതി.
ഭരണഘടന എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. മതപരമായ വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ല. എന്നാൽ, ആർ.എസ്.എസും സംഘ്പരിവാറും മതപരമായ വിവേചനമാണ് ലക്ഷ്യമാക്കുന്നത്. അത് നിയമപരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സി.എ.എ നിയമം. പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതാണ്. അതുകൊണ്ടാണ് നിയമം നടപ്പാക്കില്ലെന്ന് കേരളം പ്രഖ്യാപിച്ചത്. കേരളത്തിനും ഇടതുപക്ഷത്തിനും മാത്രമേ ഇത് പറയാൻ കഴിയുകയുള്ളൂ. ഇന്ന് ജീവിച്ചതുപോലെ നാളെ ജീവിക്കാൻ കഴിയുമോയെന്നാണ് ലക്ഷങ്ങൾ ആശങ്കപ്പെടുന്നത്.
എന്നാൽ, നിങ്ങൾ ഒറ്റക്കല്ലെന്നും ഞങ്ങൾ കൂടെയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കോൺഗ്രസിന് ഇടതുപക്ഷത്തിൽനിന്ന് വ്യത്യസ്ത നിലപാടാണുള്ളത്. തുടക്കത്തിൽ ഒരുമിച്ചുനിന്ന കോൺഗ്രസ് ക്രമേണ അതിൽനിന്ന് പിന്മാറുകയായിരുന്നു. നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ തയാറാകുന്നില്ല. പിന്നീട് നിയമസഭ പാസാക്കിയ പ്രമേയത്തെപ്പോലും പരിഹസിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് ചെയ്തത്. ആത്മാർഥമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. കോൺഗ്രസിന്റെ ഈ നിലപാട് ആർ.എസ്.എസിനും സംഘ്പരിവാർ ശക്തികൾക്കുമാണ് ഗുണംചെയ്യുന്നത്. നിയമം കൊണ്ടുവന്നവരെപ്പോലെതന്നെ ഇതിനെതിരെ മൗനംപാലിക്കുന്നവരെയും തിരിച്ചറിയണം. അമിത് ഷാ പാർലമെന്റിൽ ഉയർത്തുന്ന ഭീഷണി ലക്ഷ്യമിടുന്നത് മുസ്ലിംകളെയാണ്. അതിനെതിരെ ശബ്ദിക്കാൻ കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാർ തയാറായിട്ടില്ല.
എന്നാൽ, എൽ.ഡി.എഫിന്റെ അന്നത്തെ ഏക എം.പി ആരിഫിന്റെ ശബ്ദം പാർലമെന്റ് മുഴുവൻ മുഴങ്ങിക്കേട്ടു. വർഗീയതക്കെതിരെയുള്ള പോരാട്ടങ്ങളിൽ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏക പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും ഇതിനെതിരെയുള്ള പോരാട്ടങ്ങളിൽ കേരളത്തിന്റെ ഇടതു സർക്കാർ മുൻപന്തിയിൽതന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിവാദം മറച്ചുവെക്കാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ സമിതി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. ‘പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ’ എന്ന സന്ദേശമുയർത്തി നടത്തിയ റാലിയിലേക്ക് ഗ്രാമ- നഗര വ്യത്യസമില്ലാതെ ജനം ഒഴുകിയെത്തി. സംഘപരിവാർ രാഷ്ട്രീയം രാജ്യത്ത് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയുള്ള പ്രതിഷേധമായി റാലി.
എഴുത്തുകാർ, പ്രഭാഷകർ, കലാകാരന്മാർ, സാമൂഹിക- സാംസ്കാരിക സംഘടന പ്രവർത്തകർ, ബഹുജന സംഘടനകൾ, ജനകീയ കൂട്ടായ്മകൾ, സമസ്ത കേരള ജം ഉയ്യത്തുൽ ഉലമ (ഇ.കെ), സമസ്ത കേരള ജം ഉയ്യത്തുൽ ഉലമ (എ.പി ), നദ്വത്തുൽ മുജാഹിദ്ദീൻ, എം.ഇ.എസ്, ന്യൂനപക്ഷ സാംസ്കാരിക സമിതി, അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി, ഓൾ ഇന്ത്യാ ലോയേഴ്സ് യൂനിയൻ തുടങ്ങി സമസ്ത മേഖലകളിലുള്ളവരും പങ്കാളികളായി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത റാലിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, പ്രഫ.എൻ. അലി അക്ബർ, ഡോ. ഹുസൈൻ മടവൂർ, ഒ.പി. അഷ്റഫ്, സി.പി. സലിം, ഷംസുദ്ദീൻ പാറക്കടവ്, പട്ടുവം കെ.പി. അബൂബക്കർ മുസ് ല്യാർ, ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതി, എൽ.ഡി.എഫ് ലോക്സഭ മണ്ഡലം സ്ഥാനാർഥികളായ കെ.കെ. ശൈലജ (വടകര), എം.വി. ജയരാജൻ (കണ്ണൂർ), എം.വി. ബാലകൃഷ്ണൻ (കാസർകോട്), സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഡോ. വി. ശിവദാസൻ എം.പി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.