രാജ്യത്ത് മനുസ്മൃതി നടപ്പാക്കാൻ ശ്രമമെന്ന് എം.കെ മുനീർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുസ് ലിംകളുടെ മാത്രം പ്രശ്നമല്ലെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ. മുനീർ. ഇത് വരുംനാളുകളിൽ ദലിതുകൾ, ക്രിസ്ത്യാനികൾ, മൂന്നാംലിംഗക്കാർ അടക്കമുള്ളവരുടെ പ്രശ്നം കൂടിയാവും. കൂടാതെ, നായർ, ഈഴവൻ എന്നിവരെയും പ്രതികൂലമായി ബാധിക്കും. മനുസ്മൃതിയാണ് ആർ.എസ്.എസിന്‍റെ ഭരണഘടന. രാജ്യത്തെ ഭരണഘടന മാറ്റി മനുസ്മൃതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മറ്റ് വിഭാഗങ്ങൾ ഒരു പ്രശ്നമല്ലെന്നും മുനീർ ചൂണ്ടിക്കാട്ടി.

അടിവേരുകളോളം അഭിപ്രായ വ്യത്യാസമുള്ള സംസ്കാരങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ആർ.എസ്.എസ് നേതാവ് ഗോൾവാർക്കർ പറഞ്ഞിട്ടുണ്ട്. ജർമനിയിൽ നിന്ന് പാഠം പഠിക്കണമെന്നും ഹിന്ദുവല്ലാത്തവർക്ക് യാതൊരു ആനുകൂല്യവുമില്ലാതെ ഇന്ത്യയിൽ ജീവിക്കാമെന്നും ഗോൾവാർക്കർ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അന്തസില്ലാതെ ജീവച്ഛവങ്ങളെ പോലെ നിരവധി ആളുകൾ ഗുജറാത്തിൽ കഴിയുന്നുണ്ട്. മതിൽകെട്ടിയാണ് ഇത്തരക്കാരെ വേർതിരിച്ചിരിക്കുന്നതെന്നും മുനീർ പറഞ്ഞു.

ദേശീയതയെ കുറിച്ച് സംസാരിക്കുന്ന സംഘ്പരിവാർ, ദേശീയ പതാകയെ മാനിക്കാൻ തുടങ്ങിയത് 2001ന് ശേഷമാണ്. അതുവരെ കാവി പതാകയാണ് ഉപയോഗിച്ചിരുന്നത്. 1947ൽ ജവഹർ ലാൽ നെഹ് റു ദേശീയപതാക ഉയർത്തുമ്പോൾ നാഗ്പൂരിൽ നാഥുറാം ഗോദ്സെ അടക്കമുള്ളവർ കാവി പതാക ഉയർത്തിയ സാഹചര്യം രാജ്യത്തുണ്ട്. അത്തരക്കാരാണ് ഇന്ത്യയിലെ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്നത്. നരേന്ദ്ര മോദി ദേശീയത പഠിപ്പിക്കാൻ വരുന്നു. പൗരത്വ രേഖ ചോദിക്കുന്നത് മുമ്പ് മോദി ഇന്ത്യയുടെ ചരിത്രം പഠിക്കട്ടെയെന്നും മുനീർ പറഞ്ഞു.

ഹരിത പതാക ഉയർത്തുന്ന മുസ് ലിം ലീഗുകാർ പാകിസ്താൻകാരാണെന്ന് പറയുന്ന ബി.ജെ.പി നിലപാടിന് മുമ്പിൽ തല കുനിക്കില്ലെന്നും മുനീർ വ്യക്തമാക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യമം ച​ർ​ച്ച ചെ​യ്യാ​ൻ ചേർന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - CAA MK Muneer Kearala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.