കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സി.പി.എമ്മുമായി സഹകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സി.പി.എമ്മിന് ആത്മാർഥത ഇല്ല. പിണറായി വിജയന് എന്നും മൃദുഹിന്ദുത്വ നിലപാടാണുണ്ടായിരുന്നത്. അതുകൊണ്ടാണ് സംയുക്തസമരത്തെ എതിർത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിൽ നിലവിലുള്ളതും ഭരണകൂട ഭീകരതയാണ്. യോഗി ആദിത്യനാഥും യെദിയൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിെര സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബി.ജെ.പിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ പറയുന്നതാണ് പാർട്ടി നിലപാട്. സി.പിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന നിലപാടിൽ മാറ്റവുമില്ല. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും പിണറായി വിജയനോട് ഇല്ലെന്നും പിണറായി വലിയ സുഹൃത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
സി.പി.എമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിൽ എതിര്‍ വികാരമുണ്ടാക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.