കുന്നുകളുടെ മരണമണി മുഴങ്ങുന്ന മന്ത്രിസഭാ തീരുമാനം    

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം നടപ്പായാൽ കുന്നുകൾ നിരപ്പാവും, കുടിവെള്ള ക്ഷാമം രൂക്ഷമാവും. കേരളത്തെ മരുഭൂമിയാക്കുന്ന തീരുമാനമാണ് കഴിഞ്ഞ ആഴ്ച പിണറായി വിജയൻ നയിക്കുന്ന മന്ത്രിസഭ ഒപ്പുവെച്ചത്. 2,15,000 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള ഖനനം നടത്തുന്നതിന് സർക്കാരിൻെറ അനുമതി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിൽ സംസ്ഥാനത്തെ കുന്നുകളുടെയും പശ്ചിമഘട്ടത്തിലെ നീർച്ചോലകളുടെയും മരണമണിയാണ് മുഴങ്ങുന്നത്.  

ഇൗ തീരുമാനം നടപ്പാക്കുന്നതോടെ കുന്നുകളും പ്രകൃതിയുടെ പച്ചപ്പും അപ്രത്യക്ഷമാവും. 300 ച.മീ. വരെയുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ഖനനാനുമതി വേണ്ടെന്ന 2015 ലെ നിയമഭേദഗതിയുടെ മറവിൽ സംസ്ഥാനത്ത് തുടച്ചുനീക്കിയ കുന്നുകൾക്ക് കണക്കില്ല. കുന്നിടിച്ച്​, ഭൂമി കുഴിച്ച്​ നൂറു കണക്കിന് ലോഡ് മണ്ണ് കൊണ്ടുപോയാലേ ചിലയിടങ്ങളിൽ 2,15,000 ചതുരശ്ര അടി കെട്ടിടം നിർമിക്കാൻ കഴിയൂ. മൈനർ മിനറൽ സംരക്ഷണ ചട്ടമാണ് മന്ത്രിസഭാ തീരുമാനത്തോടെ ഇല്ലാതാക്കിയത്.

കെട്ടിട നിർമാണത്തി​​െൻറ തറ പണിയാൻ അത്യന്താപേക്ഷിതമായ ഖനനമാണെങ്കിൽ അത് വ്യാവസായിക ഖനനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വിധി വന്നിരുന്നു. ഹൈകോടതിയുടെ ആ ഉത്തരവ് തെറ്റാണെങ്കിൽ അതിനെതിരായി അപ്പീൽ പോകേണ്ട സംസ്ഥാന സർക്കാർ ദിവസങ്ങൾക്കുള്ളിൽ മണ്ണ് മാഫിയയെ സഹായിക്കുന്ന തീരുമാനം മന്ത്രിസഭാ യോഗത്തിൽവെച്ച് പാസാക്കി.
പശ്ചിമഘട്ടത്തിലും ഇടനാട്ടിലും തീരദേശത്തും നമുക്ക്​ ഒരേ ബിൽഡിങ് ചട്ടമാണുള്ളത്. കുന്നിൽ കെട്ടിട നിർമാണത്തിന് അപേക്ഷ നൽകിയശേഷം അനുമതി വാങ്ങിയാൽ  കുന്നിടിച്ച് ആയിരക്കണക്കിന് ടൺ മണ്ണ് വിൽക്കാം. ഒടുവിൽ ഭൂവുടമ കെട്ടിടം നിർമിക്കുന്നില്ലെന്ന് തീരുമാനിച്ചാലും ഇനി നിയമനടപടി സ്വീകരിക്കാനാവില്ല.

ഇത്തരം തട്ടിപ്പുകൾക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുമായി വ്യവസായ വകുപ്പ് കൂടിയാലോചിച്ചിട്ടില്ല. കുന്നുകൾ ജലസംഭരണികളാണെന്ന് ഉത്തരവിറക്കുന്നവർ തിരിച്ചറിഞ്ഞിട്ടുമില്ല. കോവിഡി​​െൻറ മറവിൽ മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാക്കിയാൽ നമ്മുടെ കൺമുന്നിൽവച്ച് നിമിഷംപ്രതി കുന്നുകളോടൊപ്പം നീർചാലുകളും അപ്രത്യക്ഷമാകും. കുടിവെള്ളക്ഷാമമുണ്ടാകും. 

കുന്നിൻ ചെരിവുകളിൽ നിന്ന് നിർഗമിച്ച് വയലുകൾക്ക് അലങ്കാരമായൊഴുകുന്ന തോടുകൾ, നീർച്ചാലുകൾ എന്നിവയെല്ലാം നിറഞ്ഞ കേരളത്തി​​െൻറ സവിശേഷ പ്രകൃതി ഓർമയാകും. ഇടനാടൻ ചെറുപുഴകൾക്ക് പിന്നിലുള്ള നീർച്ചാലുകളുടെ മരണവാറൻറാവും ഇൗ തീരുമാനം. 2,15,000 ച. അടി കെട്ടിടം നിർമിക്കാൻ ആഗ്രഹിക്കുന്നത് സമൂഹത്തിലെ ഏതു വർഗമാണ്?  ഈ ഇളവ് ഏത് സാധാരണക്കാരന് വേണ്ടിയാണ് ?.

Tags:    
News Summary - cabinet decision may be the death warrant to hill area -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.