തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ്, സിലബസ് പരിഷ്കരണം, താൽക്കാലിക അധ്യാപക നിയമനം അടക്കം വിഷയങ്ങളിൽ കേരള സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട്. പ്രവർത്തന പുരോഗതി നിരീക്ഷിക്കാനാകും വിധം അംഗീകൃത മാസ്റ്റർ പ്ലാനില്ല. അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകൾ, സോഫ്റ്റ്വെയർ, സിലബസ് പരിഷ്കരണം തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കുന്നതിൽ പോരായ്മയുണ്ടായെന്നും നിയമസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു.
എൻ.എ.എ.സി. അക്രഡിറ്റേഷൻ ലഭിക്കേണ്ട 17 യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലൊന്നും അക്രഡിറ്റേഷൻ പ്രക്രിയ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 142 കോഴ്സുകളിൽ 28 കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചിട്ടില്ല. അഞ്ച് കോഴ്സുകളുടെ സിലബസ് പരിഷ്കരണത്തിലെ കാലതാമസം എട്ട് മുതൽ 13 വർഷം വരെയും മറ്റ് കോഴ്സുകളുടേത് ഒന്നു മുതൽ അഞ്ചു വർഷം വരെയും ആയിരുന്നു.
2013-'15ൽ വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി.സി അംഗീകാരമില്ലാത്ത 10 കോഴ്സുകൾ നടത്തി. അഫിലിയേറ്റഡ് കോളജുകളുടെ സംയോജിത വികസനം ഉറപ്പാക്കാൻ യു.ജി.സി വിഭാവനം ചെയ്ത കോളജ് ഡെവലപ്മെന്‍റ് കൗൺസിലിൽ ഒരു അംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യു.ജി.സി മാർഗരേഖകളിൽ പ്രതിപാദിച്ചതുപോലെ കോളജുകളുമായി സമ്പർക്കം പുലർത്തിയില്ല. കരാർ അധ്യാപകർ 10 ശതമാനത്തിൽ പരിമിതപ്പെടുത്തണമെന്ന് യു.ജി.സി നിർദേശിച്ചിരിക്കെ കേരളയിൽ 23 ശതമാനത്തിൽ കൂടുതൽ നിയമിച്ചു. 34 യു.ഐ.ടികൾ, 10 കെ.യു.സി.ടി.ഇകൾ, ഏഴ് യു.ഐ.എമ്മുകൾ, എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ മൊത്തം 335 അധ്യാപകരും കരാറുകാരാണ്. യു.ഐ.ടികളിലെ 174 അധ്യാപകരിൽ 108 പേർക്കും യോഗ്യതയില്ല.
യു.ജി.സി നിർദേശങ്ങൾക്ക് വിരുദ്ധമാണിത്. അഫിലിയേറ്റഡ് കോളജുകളിൽ 2016, 2017 വർഷങ്ങളിൽ യു.ജി.സി പ്രോഗ്രാമിന്‍റെ അവസാന സെമസ്റ്റർ മൂല്യനിർണയം നടത്തുന്നതിൽ കാലതാമസമുണ്ടായി. ടാബുലേഷൻ സോഫ്റ്റ്വെയർ പോരായ്മ പൂർണമായി പരിഹരിച്ചിട്ടില്ല. സുരക്ഷ ഓഡിറ്റ് നടത്തിയിട്ടില്ല. അപേക്ഷ സ്വീകരിച്ച അവസാന തീയതി മുതൽ 60 ദിവസത്തിനകം എന്ന മാനദണ്ഡത്തിന് വിരുദ്ധമായി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് 240 ദിവസത്തിലേറെ സമയമെടുത്തു.
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലുണ്ടായ സർവകലാശാലയുടെ പരാജയം മൂലം 12ാം പഞ്ചവത്സര പദ്ധതി കാലയളവിൽ പൊതുവികസന സഹായമായി യു.ജി.സി അനുവദിച്ച 15.76 കോടിയിൽ 8.70 കോടി മാത്രമേ ലഭിച്ചുള്ളൂ. ദേശീയ ഗെയിംസിനായി സ്റ്റേഡിയം നിർമിക്കാൻ സ്ഥലം പാട്ടത്തിന് കൊടുത്ത വകയിൽ 2014 ഡിസംബർ മുതലുള്ള വാടകക്കുടിശ്ശിക 19.09 കോടി കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.