തിരുവനന്തപുരം: സംസ്ഥാനസർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടമെടുപ്പും കിഫ്ബിയിലെ ക്രമക്കേടുകളും പ്രളയനിയന്ത്രണവും ദുരന്ത നിവാരണവും സംബന്ധിച്ച് റിപ്പോർട്ടിലുള്ള കാര്യങ്ങളെല്ലാം പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണ്. 85ാം ക്ഷേത്രപ്രവേശന വിളംബരം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദലിത് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ച സതീശൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഡാം മാനേജ്മെന്റിൽ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജിയുടെ ചോദ്യങ്ങൾക്ക് സർക്കാർ കൊടുത്ത മറുപടിയിൽ ഡാം മാനേജ്മെന്റിൽ പരാജയം ഉണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ്. ഡാം മാനേജ്മെന്റിൽ കുഴപ്പമില്ലെന്ന് മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചത്.
കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നതായി സതീശൻ വ്യക്തമാക്കി. 2020 ൽ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് സി.എ.ജി റിപ്പോർട്ടിലും പറയുന്നത്. ഇത്രയും വലിയ കടക്കെണിയിൽ സംസ്ഥാനം നിൽക്കുമ്പോഴാണ് 1.24 ലക്ഷം കോടി ചിലവാക്കി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ വാശി പിടിക്കുന്നത്. ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും. 1.24 ലക്ഷം കോടിയുടെ ബാധ്യത സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീചമായ ശ്രമമാണ് സർക്കാർ നടത്തുന്നത്.
സംഘപരിവാർ സർക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന തീവ്ര വലതുപക്ഷ നിലപാടാണ് സർക്കാരിന്റെത്. ഇടതുപക്ഷത്തു നിന്നുള്ള നയവ്യതിയാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
'പ്രളയ സമതല മേഖല കണ്ടെത്തുകയോ വേർതിരിക്കുകയോ ചെയ്തിട്ടില്ല'
തിരുവനന്തപുരം: ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം പുതുക്കിയിെല്ലന്ന് കംട്രോളർ- ഒാഡിറ്റർ ജനറലിെൻറ കണ്ടെത്തൽ. പ്രളയനിയന്ത്രണത്തിനും പ്രളയനിവാരണത്തിനുമുളള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നെന്ന് 'കേരളത്തിലെ പ്രളയങ്ങൾ- മുന്നൊരുക്കവും പ്രതിരോധവും' എന്ന റിപ്പോർട്ടിൽ സി.എ.ജി പറയുന്നു.
ജലവിഭവ വകുപ്പിെൻറ 2008 ലെ സംസ്ഥാന ജലനയം ദേശീയ നയത്തിന് വിരുദ്ധമായി പ്രളയ നിയന്ത്രണ നടപടിയുടെ വശങ്ങൾ പരിഗണിച്ചിരുന്നില്ല. പ്രളയ നിയന്ത്രണ നടപടി ഘടകങ്ങൾ ഉൾപ്പെടുത്താത്തത് ഇൗ വിഷയത്തിൽ നൽകുന്ന താരതമ്യേന കുറഞ്ഞ മുൻഗണനയെ സൂചിപ്പിക്കുന്നു. സംസ്ഥാനതല റിവർ മാനേജ്മെൻറ് അതോറിറ്റി രൂപവത്കരിച്ചിട്ടില്ല. പ്രളയ സമതല മേഖല കണ്ടെത്തുകയോ വേർതിരിക്കുകയോ ചെയ്തിട്ടില്ല. ഇത് സാധ്യമായിരുന്നുവെങ്കിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹായകമാവുമായിരുന്നു. എന്നാൽ ഇൗ നിയമനിർമാണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.
പ്രളയ അപകട സാധ്യതാഭൂപടം തയാറാക്കാൻ നിർദേശിച്ചിട്ടും കേരളം ഇപ്പോഴും 2010 ലെ ഭൂപടത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഡി.ഡബ്ല്യു.സി മാനദണ്ഡത്തിന് വിരുദ്ധമാണ്.
പെരിയാർ നദീതടത്തിൽ പതിക്കുന്ന ജലം അളക്കുന്നതിന് 32 റെയിൻ ഗേജുകൾക്ക് പകരം ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂ. നീരൊഴുക്ക് പ്രവചന കേന്ദ്രങ്ങൾ ആവശ്യമുള്ള അണക്കെട്ടുകളുടെയും ഇൗ പ്രവചനം ആവശ്യമുള്ള പട്ടണങ്ങളുടെയും പട്ടിക ഡി.ഡബ്ല്യു.സി 2011 നവംബറിൽ അഭ്യർഥിച്ചിട്ടും സംസ്ഥാനം വിശദാംശം നൽകിയില്ല. ഇതാണ് പ്രളയ പ്രവചനത്തിന് േഡറ്റ ലഭിക്കാതിരിക്കാൻ കാരണം.
അണക്കെട്ട് സൈറ്റുകളും സർക്കാർ ഒാഫിസുകളും ഉൾപ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ 2018 ലെ പ്രളയ സമയത്തോ അതിന് ശേഷമോ പ്രവർത്തനക്ഷമം ആയിരുന്നിെല്ലന്നും സി.എ.ജി നിരീക്ഷിച്ചു.
തിരുവനന്തപുരം: സംസ്ഥാനം 2.65 കോടി മുടക്കി സ്ഥാപിച്ച പ്രളയ ദുരന്ത മുന്നറിയിപ്പ് നൽകാനുള്ള ഉയർന്ന ഫ്രീക്വൻസിയുള്ള (വി.എച്ച്.എഫ്) റേഡിയോകൾ 2018ലെ പ്രളയ സമയത്ത് പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് സി.എ.ജി കണ്ടെത്തി.
മഹാപ്രളയ സമയത്ത് ഇടമലയാർ അണക്കെട്ട് ഒാപറേറ്റർമാരുടെ സഹായത്തിന് റൂൾ കർവ് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മഴക്കാലത്ത് ഉൾപ്പെടെ അണക്കെട്ട് സാധാരണ നിലയിൽ പ്രവർത്തിക്കാൻ ജലം സംഭരിക്കാതെ നിലനിർത്തേണ്ട സ്ഥലമാണ് റൂൾ കർവ്.
2018ലെ പ്രളയം കഴിയുന്നതുവരെ 1983ൽ രൂപവത്കരിച്ച റൂൾ കർവ് പുനരവലോകനം ചെയ്തില്ല. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷി സർവേകളോ എക്കൽ അടിയുന്നതിെൻറ പഠനങ്ങളോ 2011നും 2019 ആഗസ്റ്റിനും ഇടയിൽ നടത്തിയിട്ടില്ല. ഇടുക്കി, ഇടമലയാർ, കക്കി, ഷോളയാർ എന്നിവയുടെ എക്കൽ നിർണയം അവസാനം നടത്തിയത് യഥാക്രമം 2004, 2011, 1999, 2003 വർഷങ്ങളിലാണ്.
കൊച്ചി വിമാനത്താവളം കമീഷൻ ചെയ്ത് 20 വർഷം കഴിഞ്ഞിട്ടും പ്രദേശത്ത് ഗുരുതര പ്രളയമുണ്ടായിട്ടും ജലസേചന-റവന്യൂ വിഭാഗമോ തദ്ദേശ സ്ഥാപനമോ വിമാനത്താവള അധികൃതരോ പ്രദേശത്തെ മൊത്തത്തിലുള്ള ഹൈഡ്രോളജി നിലനിർത്താൻ തയാറായിെല്ലന്നും റിപ്പോർട്ട് പറയുന്നു.
കടമെടുപ്പ് ബജറ്റിലും അക്കൗണ്ടിലും ഉൾപ്പെടുത്തണം
തിരുവനന്തപുരം: കിഫ്ബിക്ക് എടുക്കുന്ന വായ്പകൾ ആകസ്മിക ബാധ്യതകളാണെന്നും വായ്പകൾക്ക് നിയമസഭ അംഗീകാരമുണ്ടെന്നുമുള്ള സര്‍ക്കാർ വാദം സി.എ.ജി തള്ളി. സർക്കാർ ഏജൻസികൾ ബജറ്റിന് പുറത്ത് നടത്തുന്ന കടമെടുപ്പ് ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്നും സി.എ.ജി നിർദേശിച്ചു. കിഫ്ബി വായ്പയിൽ സി.എ.ജി മുൻ റിപ്പോർട്ടിനെതിരെ സർക്കാർ രംഗത്തുവന്നിരുന്നു. ചരിത്രത്തിലാദ്യമായി സി.എ.ജി റിപ്പോര്‍ട്ടിലെ ഭാഗം നീക്കാൻ നിയമസഭ പ്രമേയവും പാസാക്കി. എന്നാൽ, പുതിയ റിപ്പോർട്ടിലും സി.എ.ജി നിലപാട് ആവർത്തിച്ചു.
കിഫ്ബിയുടേത് ആകസ്മിക ബാധ്യത എന്നതാണ് സർക്കാർ നിലപാട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും നിയമപ്രകാരം അതിെൻറ കടബാധ്യത സംസ്ഥാനത്തിെൻറ വരുമാനസ്രോതസ്സുകളില്നിന്ന് നികത്തേണ്ടിവരുന്നതിനാലും സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സി.എ.ജി വ്യക്തമാക്കുന്നു. ഭരണഘടന പ്രകാരം ബജറ്റ് രേഖകളില്‍ കിഫ്ബിയുടെ വായ്പകളും ചെലവുകളും ഉള്‍പ്പെടുത്താത്തതിനാല്‍ കിഫ്ബിയുടെ വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമുണ്ടെന്ന വാദവും അംഗീകരിക്കാനാകില്ല. ബജറ്റിന് പുറത്തുള്ള വായ്പകളുടെ വിശദാംശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണം.
ഇതേവാദമാണ് സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിെൻറ (കെ.എസ്.എസ്.പി.എല്‍) കാര്യത്തിലും ബാധകം. ഇതിെൻറ ബാധ്യതയും സംസ്ഥാന സര്‍ക്കാറാണ് ഏറ്റെടുക്കേണ്ടത്. എല്ലാ സര്‍ക്കാര്‍ വായ്പയും ചെലവുകളും നിയമവിധേയമായി ബജറ്റില്‍ ഉള്‍പ്പെടുത്തണം. ബജറ്റിതര വായ്പകളിലൂടെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത് സാമ്പത്തിക ഉത്തരവാദിത്ത നിയമത്തില്‍നിന്നുള്ള വ്യതിചലനത്തിന് കാരണമാകും.
കിഫ്ബി എടുത്ത 5,036.71 കോടി രൂപയുടെ വായ്പക്ക് 2019-20 വരെ 353.21 കോടി രൂപ പലിശ നല്‍കേണ്ടിവന്നു. കിഫ്ബി പദ്ധതികള്‍ക്ക് ചെലവിട്ട 5,014.17 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പെട്രോള്‍-ഡീസല്‍ സെസുകളില്നിന്ന് 2019-20 വരെ 1,921.11 കോടിയും വാഹനനികുതിയില്‍നിന്ന് 3651.74 കോടിയും ലഭിച്ചു. സാങ്കേതിക സഹായത്തിന് 74.14 കോടിയും വന്‍കിട അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്ക് 2,498.41 കോടിയും അനുവദിച്ചു. പുറമെയാണ് 5,036.61 കോടി വായ്പ. മസാലാ ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിച്ചു. ഇതിനാണ് പലിശയില്‍ വലിയ വിഹിതം പോയിരിക്കുന്നത്. മൊത്തം 353.21 കോടി രൂപ പലിശയായി നല്കിയപ്പോള് 209.25 കോടി രൂപ മസാല ബോണ്ടിെൻറ വായ്പക്കാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.