കോഴിക്കോട് : അതിഥി തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചുവെന്ന് സി.എ.ജി റിപ്പോർട്ട്. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ അതിഥി തൊഴിലാളി ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ 2010 ൽ പുറപ്പെടുവിച്ചു.ഈ ഫണ്ട് ഒരു പ്രത്യേക ഫണ്ടായി ബോർഡ് കൈകാര്യം ചെയ്യുകയും ഒരു ഗുണഭോക്താവിന്റെ മരണം, ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകൽ, അപകട ദുരിതാശ്വാസം, ചികിത്സാ സഹായം, ടെർമിനൽ ബെനിഫിറ്റ്, അതിഥി തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമുള്ള വിദ്യാഭ്യാസ ഗ്രാൻറ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ഉപയോഗിക്കുകയും വേണം.
പദ്ധതിയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച്, അതിഥി തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിലേക്കുള്ള ഫണ്ട് തൊഴിലാളിയിൽ നിന്ന് പ്രതിവർഷം 30 രൂപ എന്ന നിരക്കിൽ പിരിച്ചെടുക്കണം. ഒരു തൊഴിലാളിയുടെ വിഹിതത്തിൻറെ മൂന്നുമടങ്ങ് സർക്കാർല്ൽകണം. ഒരു തൊഴിലാളിയുടെ വിഹിതത്തിൻറെ മൂന്നുമടങ്ങ് ബോർഡിൽ നിന്ന് നൽകണം. ഈ മൂന്ന് സ്രോതസുകളിൽ നിന്നുമാണ് തുക സമാഹരിക്കേണ്ടത്. ഈ ഫണ്ടിലേക്ക് 2010-ൽ സർക്കാർ 10 കോടി കോർപ്പസ് ഫണ്ടായി അനുവദിച്ചു.
സംസ്ഥാനത്തേക്ക് കുടിയേറുന്ന നിർമാണത്തൊഴിലാളികളുടെ വിശദാംശങ്ങൾ അടങ്ങിയ സമഗ്രമായ ഒരു ഡാറ്റാബേസ് ബോർഡിൻറെ പക്കലില്ല. പദ്ധതിയുടെ കോർപ്പസ് ഫണ്ടിന് കീഴിൽ 1.65 ലക്ഷം അതിഥി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി.
പട്ടിക 5.3-ൽ കാണിച്ചിരിക്കുന്നതുപോലെ, 2018-19-നും 2022-23-നും ഇടയിൽ ക്ഷേമ പ്രവർത്തനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി അതിഥി തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് 1.69 കോടി രൂപ ചെലവഴിച്ചുവെന്നാണ് ബോർഡ് നൽകിയ കണക്ക്. (2018-19- 15.63 ലക്ഷം, 2019-20- 31.15, 2020-21-41.08, 2021-22- 33.03, 2022-23- 48.35 ലക്ഷം എന്നിങ്ങനെ)
2010 മുതൽ ഈ ഫണ്ടിലേക്ക് സർക്കാർ കൂടുതൽ വകയിരുത്തൽ നടത്തിയില്ല. ക്ഷേമ പ്രവർത്തനങ്ങൾ, ഭരണപരമായ ചെലവുകൾ തുടങ്ങിയ ചെലവുകൾക്ക് പ്രാരംഭകോർപ്പസ് ഫണ്ടായ 10 കോടിയിൽ നിന്നു സമാഹരിച്ച പലിശയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഈ ഫണ്ടിന്റെ വാർഷിക അക്കൗണ്ടുകൾ തൊട്ടടുത്ത വർഷം സെപ്റ്റംബർ 30-നകം അന്തിമമാക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, 2018-19 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾ മാത്രമായിരുന്നു തയാറാക്കിയതെന്ന് ഓഡിറ്റ് സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി.
കഴിഞ്ഞ അഞ്ച് വർഷമായി അതിഥി തൊഴിലാളികൾക്കുള്ള ക്ഷേമനിധിയുടെ കണക്കുകൾ തയാറാക്കാത്തത് അതിഥി തൊഴിലാളികൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സർക്കാർ നൽകിയിരിക്കുന്ന കുറഞ്ഞ പരിഗണനയെ സൂചിപ്പിക്കുന്നു.ജോയിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത തൊഴിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഈ അക്കൗണ്ടുകൾ പരിശോധിക്കേണ്ടിയിരുന്നു. എന്നാൽ, അതുണ്ടായില്ല.
ക്ഷേമനിധി ബോർഡ് നൽകിയ വിവരങ്ങൾ പ്രകാരം, 2023 മാർച്ച് 31 വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 20.67 ലക്ഷമാണ്. എന്നാൽ, സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അതിഥി തൊഴിലാളികൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അതിഥി തൊഴിലാളി ക്ഷേമ നിധി രൂപീകരിക്കപ്പെട്ട മറ്റൊരു പദ്ധതിയിൻ കീഴിലാണ് ഈ തൊഴിലാളികൾ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്.
ബി.ഒ.സി.ഡബ്ല്യ(ആർ.ഇ.സി.എസ്), നിയമത്തിൽ തൊഴിലാളികൾക്കിടയിൽ ഒരുതരത്തിലുമുള്ള വിവേചനവും നടത്തിയിട്ടില്ലെങ്കിലും, സർക്കാർ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചുകൊണ്ട് അതിഥി തൊഴിലാളികളെ ഈ നിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് മാറ്റി നിർത്തി. അതിലൂടെ ഈ നിയമത്തിനു കീഴിൽ വരുന്ന എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ അതിഥി തൊഴിലാളികൾക്ക് നിഷേധിക്കുകയും ചെയ്തു.
ഇത് ചൂണ്ടിക്കാണിച്ചപ്പോൾ, അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ സംബന്ധിച്ച വ്യവസ്ഥകൾ ഈ നിയമത്തിൻറെ പരിധിയിൽ വരുന്നതല്ലെന്ന് സർക്കാർ മറുപടി നൽകി. ഈ നിയമം ഒരു പ്രാദേശിക തൊഴിലാളിയെയും അതിഥി തൊഴിലാളിയെയും വേർതിരിക്കുന്നില്ല. ഈ നിയമത്തിലെ വകുപ്പ് 12-ൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന എല്ലാവരും നിയമപ്രകാരം ബോർഡിലെ അംഗങ്ങളാകാൻ അർഹരാണ്. അതിനാൽ സർക്കാരിൻറെ മറുപടി സ്വീകാര്യമല്ല. അതിനാൽ ബി.ഒ.സി.ഡബ്ല്യ(ആർ.ഇ.സി.എസ്) നിയമ പ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതെ അതിഥി തൊഴിലാളികളോട് വിവേചനം കാണിച്ചത് സർക്കാരിൻറെ ഭാഗത്ത് നിന്നും ഉണ്ടായ ക്രമരഹിതമായ നടപടിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.