എസ്.സി -എസ്.ടി വിദ്യാര്‍ഥികളുടെ പരീക്ഷഫീസ് അടച്ചില്ല:93 കോളജുകള്‍ക്ക് കാലിക്കറ്റ് വാഴ്സിറ്റിയുടെ വിലക്ക്

കോഴിക്കോട്: പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികളുടെ പരീക്ഷഫീസ് ഉള്‍പ്പടെയുള്ളവ അടക്കുന്നതില്‍ വീഴ്ചവരുത്തിയ 93 കോളജുകള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ വിലക്ക്. ഈ കോളജുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷയും ഫലപ്രഖ്യാപനവും ഒഴിച്ചുള്ള മുഴുവന്‍ സേവനങ്ങളും സര്‍വകലാശാല താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഫീസടച്ചില്ളെങ്കില്‍ അടുത്തവര്‍ഷത്തെ ഡിഗ്രി, പി.ജി പ്രവേശന നടപടികളും മുടങ്ങും. കോഴ്സുകളുടെ അംഗീകാരം പുതുക്കല്‍, ഗവേഷണ കേന്ദ്രം അനുവദിക്കല്‍ തുടങ്ങി പരീക്ഷയിതര മുഴുവന്‍ സേവനങ്ങളും ഇതോടെ തടസ്സപ്പെട്ടു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളാണ് ഇതില്‍ കൂടുതലും.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ അടക്കേണ്ട പരീക്ഷഫീസ്, യൂനിയന്‍ ഫീസ് തുടങ്ങിയവയാണ് മുടങ്ങിക്കിടക്കുന്നത്. ഒന്നുമുതല്‍ അഞ്ചു വര്‍ഷം വരെയായി  ഈ കോളജുകളില്‍നിന്ന് മൂന്നരക്കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. ഇത്രയും വലിയ തുക അടക്കാതിരുന്നത് പരീക്ഷ കണ്‍ട്രോളറുടെ വ്യക്തിപരമായ വീഴ്ചയായി കണക്കാക്കണമെന്ന് സര്‍വകലാശാലയിലെ ഇന്‍േറണല്‍ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് നടപടി.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പരീക്ഷഫലം തടഞ്ഞാണ് ഈ കോളജുകള്‍ക്കെതിരെ ആദ്യം നടപടിയെടുത്തത്. ഇത് വിവാദമാകുമെന്ന് കണ്ടതോടെയാണ് കോളജുകളുടെ മറ്റു സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. കോളജുകളില്‍ പ്രവേശന സമയത്ത് പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളോട് ഒരു വിധ ഫീസും ഈടാക്കുന്നില്ല.
ഇവരുടെ പേരുവിവരങ്ങള്‍ അറിയിക്കുന്ന മുറക്ക് സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന വകുപ്പാണ് ഫീസ് കോളജുകള്‍ക്ക് അനുവദിക്കുക. ഇതില്‍നിന്ന് സര്‍വകലാശാലയിലേക്ക് അടക്കേണ്ട ഫീസ് കോളജുകളാണ് അടക്കേണ്ടത്.
എന്നാല്‍, പലവിധ കാരണങ്ങളാല്‍ ഈ ഫീസ് പട്ടികജാതി-വര്‍ഗ വകുപ്പില്‍നിന്ന് ലഭിക്കുന്നത് മുടങ്ങിയതാണ് പ്രശ്നമായത്. 2014ലെ ഫീസ് രണ്ടാഴ്ച മുമ്പാണ് കോഴിക്കോട്ടെ ചില കോളജുകള്‍ക്ക് ലഭിച്ചത്. ജീവനക്കാരുടെ കുറവുകാരണം ഫയലുകള്‍ കൃത്യമായി പട്ടികജാതി-വര്‍ഗ വകുപ്പിനെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി.
ഏതാനും സ്വാശ്രയ കോളജുകള്‍ ഒഴിച്ചാല്‍ ഭൂരിപക്ഷവും സര്‍ക്കാര്‍-എയ്ഡഡ് കോളജുകളാണ് പട്ടികയിലുള്ളത്. ആര്‍ട്സ് ആന്‍ഡ് സയന്‍സിനു പുറമെ ട്രെയിനിങ് കോളജുകളും പട്ടികയിലുണ്ട്. കുടിശ്ശിക അടച്ചുവെന്ന് പരീക്ഷ കണ്‍ട്രോളര്‍ നല്‍കുന്ന ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം സേവനം പുന$സ്ഥാപിച്ചാല്‍ മതിയെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം.

 

Tags:    
News Summary - calicut university coolege

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.