കാലിക്കറ്റിലെ പി.എസ്.സി നിയമനം വഴിമുട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് നിയമനത്തിന് പി.എസ്.സിയുടെ അഡൈ്വസ് മെമ്മോയുമായി എത്തിയ 20 പേരുടെ നിയമനം അനിശ്ചിതത്വത്തില്‍. പി.എസ്.സി പട്ടികയില്‍നിന്ന് നിയമനം നടത്തുന്നത് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞതോടെയാണ് പുതിയ പ്രതിസന്ധി. അതിനിടെ, കേസില്‍ സര്‍വകലാശാല അഭിഭാഷകന്‍ ഹാജരാവാത്തതില്‍ സംശയമുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ രംഗത്തത്തെി.

സര്‍വകലാശാല സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. പി.സി. ശശിധരന്‍ പി.എസ്.സിക്കുവേണ്ടിയാണ് കോടതിയില്‍ ഹാജരായത്. അസിസ്റ്റന്‍റ് നിയമന കേസുകളില്‍ ഹാജരാവാന്‍ അഡ്വ. വി.എ. മുഹമ്മദിനെ വി.സി നിയമിച്ചെങ്കിലും ഇദ്ദേഹത്തിന് വക്കാലത്ത് നല്‍കിയിരുന്നില്ല. നിയമനം പി.എസ്.സി ലിസ്റ്റില്‍നിന്നുതന്നെയെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചതല്ലാതെ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് പരാതി.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്കായി 713പേര്‍ക്കാണ് പി.എസ്.സി അഡൈ്വസ് മെമ്മോ അയച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും ഇതിനകം നിയമനം നേടിയിട്ടും കാലിക്കറ്റിലെ ഉദ്യോഗാര്‍ഥികളുടെ കാര്യം നിയമക്കുരുക്കിലായി.

അഞ്ചര ലക്ഷം പേര്‍ എഴുതിയ പി.എസ്.സിയുടെ അസിസ്റ്റന്‍റ് പരീക്ഷയില്‍ ആദ്യ നൂറു റാങ്കില്‍പെട്ട 20 പേര്‍ക്കാണ് കാലിക്കറ്റിലേക്ക് അഡൈ്വസ് മെമ്മോ നല്‍കിയത്. ഇവര്‍ക്കു പിന്നിലുള്ള റാങ്കുകാര്‍ ഇതര സര്‍വകലാശാലകളില്‍ നിയമനം നേടിയിട്ടുണ്ട്. സര്‍വകലാശാല സ്വന്തം തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് ഹൈകോടതിയെ സമീപിച്ചത്. 2016 ജനുവരി 31നാണ് സര്‍വകലാശാലയുടെ സ്വന്തം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ പട്ടികക്ക് രണ്ടുവര്‍ഷം കാലാവധിയുണ്ടെന്നിരിക്കെ സ്വന്തം പി.എസ്.സി പട്ടികയില്‍നിന്ന് നിയമനം നടത്തുന്നതാണ് ഉദ്യോഗാര്‍ഥികള്‍ ചോദ്യം ചെയ്തത്.

2016 ഫെബ്രുവരി 26നുശേഷമുള്ള മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനാണ് പി.എസ്.സി കാലിക്കറ്റ് സര്‍വകലാശാലയോട് നിര്‍ദേശിച്ചത്.
ഇതിന്‍െറ അടിസ്ഥാനത്തില്‍ പി.എസ്.സി പട്ടികയില്‍നിന്ന് നിയമനം നടത്താന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. പി.എസ്.സി അഡൈ്വസ് ലഭിച്ച 20 പേര്‍ക്ക് നിയമനം നല്‍കാനിരിക്കെയാണ് കോടതി ഇടപെടല്‍. നിയമനം പി.എസ്.സി പട്ടികയില്‍നിന്ന് വേണമെന്നാണ് ഇടത് സിന്‍ഡിക്കേറ്റംഗങ്ങളുടെ നിലപാട്. സിന്‍ഡിക്കേറ്റ് യോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചാണ് നിയമനം പി.എസ്.സിക്കുതന്നെ വിടണമെന്ന തീരുമാനം ഇവര്‍ കൈക്കൊണ്ടത്. പി.എസ്.സിക്കും സര്‍വകലാശാലക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നും അഭിഭാഷകന്‍ ഹാജരാവാത്ത സാഹചര്യം പരിശോധിക്കുമെന്നും സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ പ്രതികരിച്ചു

Tags:    
News Summary - calicut university post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.