റോഡരികില്‍ ഉത്തരക്കടലാസ് കണ്ട സംഭവം: കാലിക്കറ്റ് വാഴ്സിറ്റി വകുപ്പുതല  അന്വേഷണം തുടങ്ങി

തേഞ്ഞിപ്പലം: ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ട സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വകുപ്പുതല അന്വേഷണം തുടങ്ങി. പരീക്ഷഭവനിലെ ജോയന്‍റ് കണ്‍ട്രോളര്‍ പി. ശ്രീധരനാണ് അന്വേഷിക്കുന്നത്. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷകണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി നിര്‍ദേശിച്ചു. ഉത്തരക്കടലാസ് കണ്ടത്തെിയ മാവൂര്‍, പെരുവയല്‍ പ്രദേശങ്ങള്‍ പരീക്ഷകണ്‍ട്രോളര്‍ സന്ദര്‍ശിച്ചശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫലപ്രഖ്യാപനം കഴിഞ്ഞവയാണെങ്കിലും റോഡരികില്‍ ഉത്തരക്കടലാസ് കാണുന്നത് ഗുരുതര കുറ്റമാണ്. കേരളത്തിനകത്തെ ആക്രിക്കടയില്‍ ഇവ വില്‍ക്കാനും പാടില്ല. സര്‍വകലാശാലയിലെ ഗോഡൗണില്‍ വര്‍ഷങ്ങള്‍ സൂക്ഷിച്ചശേഷം ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലേക്കാണ് ഉത്തരക്കടലാസ് കൊണ്ടുപോകുന്നത്. ഉത്തരക്കടലാസ് ശേഖരിക്കുന്ന വാഹനം രണ്ടുദിവസമായി കോഴിക്കോട് റൂട്ടില്‍ പോവാത്തതിനാല്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. കണ്ടെടുത്ത ഉത്തരക്കടലാസില്‍ രേഖപ്പെടുത്തിയ ഫാള്‍സ് നമ്പറാണ് (പരീക്ഷയെഴുതിയയാളെ തിരിച്ചറിയാതിരിക്കാന്‍ താല്‍ക്കാലികമായി നല്‍കുന്ന രജി. നമ്പര്‍) പരിശോധിക്കാന്‍ തുടങ്ങിയത്. 
ഈ സീരീസില്‍ വരുന്ന ഉത്തരക്കടലാസ് ഏത് കോളജിലേക്ക് അയച്ചു, കോളജിലെ വകുപ്പ് മേധാവി ആര്‍ക്ക് നല്‍കി തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. എല്ലാ വിവരവും രേഖയിലുണ്ടാവുമെന്നും ഇതെല്ലാം ലഭിച്ചശേഷം നടപടിക്കായി റിപ്പോര്‍ട്ട് വി.സിക്ക് നല്‍കുമെന്നും പരീക്ഷകണ്‍ട്രോളര്‍ പറഞ്ഞു.
മൂല്യനിര്‍ണയം നടത്തിയത് കെ.എ. രസ്ല എന്ന അധ്യാപികയാണെന്ന് റോഡരികില്‍നിന്ന് ലഭിച്ച മാര്‍ക്ഷീറ്റിലുണ്ട്. ചീഫ് എക്സാമിനര്‍, ചെയര്‍മാന്‍ എന്നിവരുടെ പേര് കണ്ടത്തെിയാലേ ഇവര്‍ ഏത് കോളജിലെ അധ്യാപികയെന്ന് തിരിച്ചറിയാനാവൂ. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിനുപകരം കോളജുകളിലെ വകുപ്പ് മേധാവിക്ക് നേരിട്ട് ഉത്തരക്കടലാസ് നല്‍കുകയാണ് ചെയ്യുക. 
വകുപ്പ് മേധാവി ഗെസ്റ്റ് ലെക്ചറര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പേപ്പര്‍ വീതിച്ചുനല്‍കും.  വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം കഴിഞ്ഞശേഷം മാര്‍ക്കുകള്‍ വകുപ്പുമേധാവിയെ അധ്യാപിക അറിയിക്കണം. പുനര്‍മൂല്യനിര്‍ണയ വേളയും കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ കോളജില്‍ തിരിച്ചേല്‍പ്പിക്കുകയാണ് അധ്യാപിക ചെയ്യേണ്ടത്. 
കോളജില്‍ സൂക്ഷിക്കുന്ന ഇവ സര്‍വകലാശാലയില്‍നിന്നുള്ള വാഹനങ്ങള്‍ എത്തി ശേഖരിക്കും. മൂല്യനിര്‍ണയം നടത്തിയയാള്‍ കോളജിലേല്‍പ്പിക്കാതെ തൂക്കിവിറ്റെന്നും ആക്രിക്കടക്കാരന്‍െറ വാഹനത്തില്‍നിന്ന് വീണതാകാമെന്നുമാണ് പരീക്ഷഭവന്‍ ജീവനക്കാരുടെ നിഗമനം. 
 

Tags:    
News Summary - calicut university question paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.