കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല റഷ്യൻ ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ പഠനവകുപ്പിലെ അസിസ്റ്റന്‍റ് പ്രഫസർ ശ്രീകല മുല്ലശ്ശേരി പിഎച്ച്.ഡി ഗവേഷണ പ്രബന്ധം കോപ്പിയടിച്ചത് സംബന്ധിച്ച പരാതി സിൻഡിക്കേറ്റ് യോഗത്തിെൻറ പരിഗണനക്ക്.
ഇതേ പഠനവകുപ്പിലെ അധ്യാപക നിയമനത്തിനുള്ള ഉദ്യോഗാർഥി ഡോ. ആൻസി ബായ് നൽകിയ പരാതിയാണ് വ്യാഴാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം പരിഗണിക്കുന്നത്. നിയമനകാര്യങ്ങൾക്കുള്ള ഉപസമിതിയാണ് വിഷയം സിൻഡിക്കേറ്റിെൻറ പരിഗണനക്കു കൈമാറിയത്.
ഭരണപക്ഷവുമായി അടുത്ത ബന്ധമുള്ള ശ്രീകലയുടെ ഗവേഷണപ്രബന്ധം 65 ശതമാനവും കോപ്പിയടിയാണെന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആൻസി രേഖാമൂലം വ്യക്തമാക്കിയിരുന്നു.
ലിയോ ടോൾസ്റ്റോയിയുടെ നോവലുകളിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ളതായിരുന്നു ഗവേഷണ പ്രബന്ധം. മറ്റൊരു പ്രബന്ധം കോപ്പിയടിച്ചാണ് ശ്രീകല സമർപ്പിച്ചതെന്നാണ് ആരോപണം. 2013 ലാണ് ശ്രീകലക്ക് ഗവേഷണബിരുദം ലഭിച്ചത്. ഇതിനു പിന്നാലെതന്നെ സർവകലാശാലയിൽ പരാതികൾ ഏറെ എത്തിയിരുന്നു. ഡോ. എം.എം. ബഷീർ ചെയർമാനായ മൂന്നംഗ കമ്മിറ്റി കോപ്പിയടി ഏകകണ്ഠമായി ശരിവെക്കുകയായിരുന്നു.
എന്നാൽ, സർവകലാശാല സിൻഡിക്കേറ്റും രാഷ്ട്രീയ നേതൃത്വവും ശ്രീകലയെ തുണച്ചു. കോപ്പിയടി തെളിഞ്ഞിട്ടും ഇതേ പഠനവകുപ്പിൽ ഗെസ്റ്റ് ലെക്ചററായി ഇവരെ നിയമിച്ചെന്ന് ആൻസി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2016 ഡിസംബർ മൂന്നിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം വന്നെങ്കിലും ദുരൂഹമായി പിൻവലിച്ചു. ജനുവരിയിൽ റഷ്യൻ ആൻഡ് കംപാരറ്റിവ് സ്റ്റഡീസ് പഠനവകുപ്പിൽ ശ്രീകല മുല്ലശ്ശേരിക്ക് അസി. പ്രഫസറായി നിയമനം ലഭിച്ചതോടെയാണ് വിവാദത്തിന് പുതിയ മാനം വന്നത്.
റാങ്ക്പട്ടികയിൽ നാലാമതായിരുന്ന ഡോ. ആൻസി ബായ് ശ്രീകല മുല്ലശ്ശേരിയുടെ ഗവേഷണപ്രബന്ധം കോപ്പിയടിച്ചതാണെന്ന് കാണിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പരാതി നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് പി.ജി, നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി ആണ് അടിസ്ഥാന യോഗ്യത. ശ്രീകല മുല്ലശ്ശേരി നെറ്റ് യോഗ്യത പരീക്ഷ ജയിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. യോഗ്യതയായി പിഎച്ച്.ഡി ആണ് പരിഗണിച്ചിട്ടുള്ളത്.
ഈ പിഎച്ച്.ഡി തന്നെ കോപ്പിയടിയാണെന്നാണ് ആരോപണം. യു.ജി.സി നിർദേശിക്കുന്ന മാനദണ്ഡങ്ങളും ശ്രീകല മുല്ലശ്ശേരി പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
അസി. പ്രഫസർ നിയമന സമയത്ത് രജിസ്ട്രാർ ആയിരുന്ന വ്യക്തി പ്രത്യേക താൽപര്യമെടുത്താണ് നെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.