തേഞ്ഞിപ്പലം: മുടങ്ങിക്കിടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് പുതിയ കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. ഇതിനായി ജനുവരി ആദ്യവാരത്തില്‍ വിജ്ഞാപനമിറക്കും. ഇതോടെ, വോട്ടര്‍പ്പട്ടികയെച്ചൊല്ലി കോടതിയെ സമീപിച്ച പഴയ കൗണ്‍സിലര്‍മാര്‍ അയോഗ്യരായി.
ഡിസംബര്‍ അവസാനവാരത്തിലത്തെിയിട്ടും യൂനിയന്‍ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് തീരുമാനം.
സാധാരണഗതിയില്‍ ജൂണ്‍ അവസാനവാരത്തിലാണ് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കുക. തൊട്ടുമുമ്പത്തെ യു.യു.സിമാരാണ് വോട്ടര്‍മാര്‍.
വോട്ടര്‍പ്പട്ടികയെ ചൊല്ലി എം.എസ്.എഫ്, കെ.എസ്.യു കൗണ്‍സിലര്‍മാര്‍ കോടതിയെ സമീപിച്ചതോടെയാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലായത്. സോണല്‍, ഇന്‍റര്‍സോണ്‍ കലോത്സവങ്ങളും മുടങ്ങുന്ന സ്ഥിതിവന്നു. ഇതിനിടയില്‍ പുതിയവര്‍ഷത്തെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. പുതിയ യു.യു.സിമാര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഇവരെ ഉപയോഗിച്ച് യൂനിയന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി ക്ഷേമ വിഭാഗം കണ്‍വീനര്‍ ഡോ. പി. വിജയരാഘവന്‍ പറഞ്ഞു.
ഒരുവര്‍ഷത്തെ യു.യു.സിമാര്‍ ഒന്നടങ്കം അയോഗ്യരാകുന്നത് സര്‍വകലാശാല ചരിത്രത്തില്‍ അപൂര്‍വമാണ്. അരക്കോടി രൂപയാണ് യൂനിവേഴ്സിറ്റി യൂനിയന്‍ ഫണ്ട്.അതിനിടെ, കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് രീതിയെ ചൊല്ലി സിന്‍ഡിക്കേറ്റ് യോഗത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. തെരഞ്ഞെടുപ്പ് പ്രസിഡന്‍ഷ്യല്‍ രീതിയിലോ പാര്‍ലമെന്‍ററി രീതിയിലോ നടത്താമെന്ന കോടതിവിധിയെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു.
ഇഷ്ടമുള്ള രീതിയില്‍ നടത്താമെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ പോവണമെന്നും ഇവര്‍ നിര്‍ദേശിച്ചു. എന്നാല്‍, കോടതിവിധി നടപ്പാക്കിയാല്‍ മതിയെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. ബഹളം ശക്തമായതോടെ യോഗം നിര്‍ത്തിവെച്ചു. രണ്ടര മണിക്കൂറിനുശേഷം വീണ്ടും യോഗംചേര്‍ന്ന് വിഷയം വോട്ടിനിട്ടു. ഏഴിനെതിരെ എട്ടുവോട്ടിന് യു.ഡി.എഫ് നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍, വിഷയം നടപ്പാക്കുന്നതിനുമുമ്പ് വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ചചെയ്യണമെന്ന എല്‍.ഡി.എഫ് നിര്‍ദേശം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.