കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തീയതി കുറിച്ചെങ്കിലും കൽപറ്റ മണ്ഡലത്തിൽ സ്ഥാനാർഥി ചിത്രം അവ്യക്തമാണ്. ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിൽ ആകെയുള്ള ജനറൽ സീറ്റായതിനാൽ സ്ഥാനാർഥിമോഹികളുടെ പട്ടികയും വലുതാണ്. ഇതിനു പുറമെയാണ് സ്ഥാനാർഥിക്കുപ്പായവും കക്ഷത്തുവെച്ച് ചുരം കയറാനിരിക്കുന്നവരും.
ആദിവാസികൾക്കും തോട്ടംതൊഴിലാളികൾക്കും നിർണായക സ്വാധീനം. മണ്ഡലചരിത്രം നോക്കുകയാണെങ്കിൽ യു.ഡി.എഫിനാണ് മുൻതൂക്കം. ഒരു കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്നു. 2016ലെ തെരഞ്ഞെടുപ്പോടെ സി.പി.എമ്മും മണ്ഡലത്തിൽ ശക്തിതെളിയിച്ചു.
അതുകൊണ്ടുതന്നെ ഇരുമുന്നണികളെയും മോഹിപ്പിക്കുന്ന മുഖമാണ് കൽപറ്റയുടേത്. നിലവിൽ സി.പി.എമ്മിലെ സി.കെ. ശശീന്ദ്രനാണ് എം.എൽ.എ. കൽപറ്റ നഗരസഭയും മുട്ടിൽ, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയമസഭ മണ്ഡലം.
യു.ഡി.എഫ് മുന്നണിയിലായാലും എൽ.ഡി.എഫിെൻറ കൂടെ നിന്നാലും ജനതാദൾ സ്ഥാനാർഥികളാണ് കൽപറ്റയിൽ മത്സരിച്ചിരുന്നത്. ശ്രേയാംസ്കുമാർ 2006ൽ യു.ഡി.എഫിനൊപ്പവും 2011ൽ എൽ.ഡി.എഫിനൊപ്പവും നിന്നാണ് നിയമസഭയിലെത്തിയത്. 2016ൽ മൂന്നാം അങ്കത്തിനിറങ്ങിയ അദ്ദേഹത്തിന്, സി.കെ. ശശീന്ദ്രെൻറ മുന്നിൽ കാലിടറി.
13,083 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1987ൽ എം.പി. വീരേന്ദ്രകുമാറിലൂടെയാണ് നിലവിലുള്ള ഇടതുമുന്നണി കൽപറ്റ മണ്ഡലം ആദ്യമായി പിടിച്ചെടുക്കുന്നത്. മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ കോൺഗ്രസിനായി കൽപറ്റയിൽ 1991 മുതൽ 2001 വരെ തുടർച്ചയായി മത്സരിച്ചു ജയിച്ചു. മന്ത്രിയാകുകയും ചെയ്തു.
2006ൽ എം.വി. ശ്രേയാംസ്കുമാറിനു മുന്നിൽ രാമചന്ദ്രൻ മാസ്റ്റർക്ക് അടിപതറി. 2011ൽ യു.ഡി.എഫ് മുന്നണിയോടൊപ്പം മത്സരിച്ചാണ് ശ്രേയാംസ്കുമാർ വിജയിക്കുന്നത്. 2016ൽ ചരിത്രം തിരുത്തി. കോൺഗ്രസ്, സോഷ്യലിസ്റ്റ് എം.എൽ.എമാരെന്ന പതിവുതെറ്റിച്ച് സി.കെ. ശശീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഉറച്ച സീറ്റായാണ് കൽപറ്റയെ യു.ഡി.എഫ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പാർട്ടിയുടെ പ്രകടനവും രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ആത്മവിശ്വാസം വർധിപ്പിക്കുന്നു.
കോൺഗ്രസിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥിപ്പട്ടികയിൽ ഉയർന്നുകേൾക്കുന്നത്. എന്നാൽ, ജില്ലയിലുള്ളവരെ മത്സരിപ്പിക്കണമെന്ന വികാരമാണ് വലിയൊരു വിഭാഗം പാർട്ടി അണികളിലും നേതാക്കളിലുമുള്ളത്.
ഇതിനിടെ, ഇതരജില്ലക്കാരെ കെട്ടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ഓഫിസിനു മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, കെ.സി. റോസക്കുട്ടി ടീച്ചർ എന്നിവരും മത്സരിക്കാൻ സന്നദ്ധരായി രംഗത്തുണ്ട്. ഇതിനു പുറമെയാണ്, മുസ്ലിം ലീഗ് കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ സീറ്റിനായുള്ള അവകാശവാദവും.
എൽ.ഡി.എഫ് മുന്നണിയിലെത്തിയ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കൽപറ്റ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം മത്സരിക്കുകയാണെങ്കിൽ ശശീന്ദ്രൻതന്നെ സ്ഥാനാർഥിയാകാനുള്ള സാധ്യതയാണ് കാണുന്നത്. എൻ.ഡി.എക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും ശക്തനായ സ്ഥാനാർഥിയെ നിർത്താനാണ് നീക്കം.
1970
പി. സിറിയക് ജോൺ (കോൺഗ്രസ്) 29,950
കെ.കെ. അബു (എസ്.ഒ.പി) 19,509
1977
കെ.ജി. അടിയോടി (കോൺഗ്രസ്) 28,713
എം.പി. വീരേന്ദ്രകുമാർ (ബി.എൽ.ഡി) 26,608
1982
എം. കമലം (ജെ.എൻ.പി) 37,442
കെ. അബ്ദുൽ ഖാദർ (ആർ.എസ്.പി) 24,404
1987
എം.പി. വീരേന്ദ്രകുമാർ (ജെ.എൻ.പി) 52,362
സി. മമ്മുട്ടി (ലീഗ്) 34,404
1991
കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (കോൺഗ്രസ്) -46,488
കെ.കെ. ഹംസ (ജെ.ഡി) -42,696
1996
കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (കോൺഗ്രസ്) -49,577
ജൈനേന്ദ്ര കൽപറ്റ (ജെ.ഡി) -42,655
2001
കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (കോൺഗ്രസ്) -58,380
കെ.കെ. ഹംസ (ജെ.ഡി.എസ്) -40,940
2006
എം.വി. ശ്രേയാംസ്കുമാർ (ജെ.ഡി.എസ്) -50,023
കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (കോൺഗ്രസ്) -48,182
2011
എം.വി. ശ്രേയാംസ്കുമാർ (എസ്.ജെ.ഡി) 67,018
പി.എ. മുഹമ്മദ് (സി.പി.എം) 48,849
പി.ജി. ആനന്ദ്കുമാർ ബി.ജെ.പി 6580
2016
സി.കെ. ശശീന്ദ്രൻ (സി.പി.എം) -72,959
എം.വി. ശ്രേയാംസ്കുമാർ (ജെ.ഡി.യു) -59,876
കെ. സദാനന്ദൻ (ബി.ജെ.പി) -12,938
വോട്ടർമാർ
പുരുഷന്മാർ 97,251
സ്ത്രീകൾ 1,01,347
ആകെ 1,98,598
യു.ഡി.എഫ് 73,086
എൽ.ഡി.എഫ് 68,481
എൻ.ഡി.എ 14,601
യു.ഡി.എഫ് 1,01,229
എൽ.ഡി.എഫ് 37,475
എൻ.ഡി.എ 14,122
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.