ഫോറസ്റ്റ് സ്റ്റേഷനിൽ ഗ്രോ ബാഗിൽ വളർത്തിയ നിലയിൽ കഞ്ചാവ്; അന്വേഷിക്കുമെന്ന് മന്ത്രി

പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് വളർത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. ചാനൽ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും എ.പി.സി.സി.എഫ് വിജിലൻസ് വിഭാഗത്തിന്‍റെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.

അതേസമയം, വാർത്തവന്നതോടെ സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ നാട്ടുകാർ കഞ്ചാവ് ചെടികൾ കണ്ടെത്തി. ജീവനക്കാർ നട്ട കഞ്ചാവ് ചെടികൾ നേരത്തെ നീക്കിയിരുന്നുവെങ്കിലും അവയിൽപ്പെട്ട ഒരു ചെടി മരത്തിന് താഴെ നിന്ന് നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുമെത്തി.

പ്ലാച്ചേരി സ്റ്റേഷനിലെ റെസ്‌ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സാം കെ. സാമുവൽ എന്നിവർ കഞ്ചാവ് ചെടികൾ വളർത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറാണ് കോട്ടയം ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഗ്രോ ബാഗിൽ കഞ്ചാവ് ചെടികൾ വളർത്തിയതായാണ് റിപ്പോർട്ടിലുള്ളത്.

ഗ്രോബാഗുകളുടെ അവശിഷ്ടങ്ങളിലും മറ്റും കഞ്ചാവ് വളർത്തിയതിന്‍റെ ലക്ഷണങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആറുമാസം മുമ്പാണ് സംഭവം ഉണ്ടായതെന്നും ഈമാസം 16ന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. കഞ്ചാവ് ചെടികൾ വളർത്തിയെന്ന് അജയൻ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. സ്റ്റേഷനിലെ വനിതാ ജീവനക്കാരടക്കം മറ്റു വനപാലകർക്ക് വിവരം അറിയാമെന്നും റെസ്‌ക്യൂവർ മൊഴി നൽകിയതായും പറയുന്നു.

ആറ് മാസം മുമ്പാണ് കഞ്ചാവ് ചെടികൾ വെച്ചത്. ഒമ്പത് ചെടികളടങ്ങുന്ന ചിത്രം അന്നത്തെ എരുമേലി റെയ്ഞ്ച് ഓഫീസർക്ക് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസർ അന്വേഷണം നടത്തുകയായിരുന്നു. 40 ഓളം ചെടികൾ നട്ടുവെന്നതടക്കം അജേഷാണ് ഓഫിസർക്ക് മൊഴി നൽകിയത്. മൊഴി നൽകുന്നതിന് രണ്ട് ദിവസം മുമ്പ് ചെടികൾ പിഴുതെടുത്ത് ചപ്പാത്തിൽ കൊണ്ടുപോയി നശിപ്പിച്ചുവെന്നും കൂട്ടുകാരനാണ് തൈ നൽകിയതെന്നും പറഞ്ഞു. 40 തൈകളാണ് വെച്ചതെന്നും ഡെപ്യൂട്ടി റെയിഞ്ചർ ആർ. അജയ് പറഞ്ഞപ്പോഴാണ് പറിച്ചുകളഞ്ഞതെന്നും വെളിപ്പെടുത്തി. കഞ്ചാവ് ചെടി നട്ട ജീവനക്കാർക്കെതിരെയും മറച്ചുവെച്ചവർക്കെതിരെയും നടപടി വേണമെന്നാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്. 

Tags:    
News Summary - Cannabis grown in grow bags at Forest Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.