ബദിയടുക്ക: നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞ കാറില്‍നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മാവിനക്കട്ട പള്ളിക്ക് സമീപത്തെ ബെള്ളിപ്പാടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ കലന്തര്‍ ഷമ്മാസാണ് (21) മരിച്ചത്. സഹോദരനെ ഷോക്കേറ്റ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെ ബദിയടുക്ക -മുള്ളേരിയ റോഡിലെ പുളിത്തടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. ഷമ്മാസിന്റെ മാതാപിതാക്കള്‍ ഉംറക്ക് പോയിരുന്നു.
ഷമ്മാസും സഹോദരനും രാത്രി ഭക്ഷണം കഴിക്കാന്‍ ആള്‍ട്ടോ കാറില്‍ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഭക്ഷണം കഴിച്ച് തിരികെവരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞത്. ഇതോടെ വൈദ്യുതി ലൈനിലെ കണക്ഷൻ ജമ്പർ പൊട്ടി തൊട്ടടുത്തുള്ള എച്ച്.ടി തൂണിൽ പതിച്ചു. മഴയായതിനാൽ തൂണിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ആ തൂണിലേക്കാണ് യുവാവ് തെറിച്ചുവീണതും ഷോക്കേറ്റതും. ഷമ്മാസിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സര്‍വാസിന് ഷോക്കേറ്റത്. വിവരമറിഞ്ഞ് നാട്ടുകാരെത്തിയെങ്കിലും രക്ഷിക്കാൻ അടുത്തുചെന്ന രണ്ടുപേർക്ക് ഷോക്കേറ്റതിനാൽ അടുത്തേക്ക് പോകാൻ ആർക്കും കഴിഞ്ഞില്ല. വൈദ്യുതിബന്ധം വിച്ഛേദിക്കാൻ ഏറെനേരം എടുത്തതാണ് യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമെന്ന് പറയുന്നു.
വൈദ്യുതി വിച്ഛേദിച്ചശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷമ്മാസിനെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സര്‍വാസിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷമ്മാസ് ബദിയടുക്കയിലെ ബേക്കറിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. മറ്റു സഹോദരങ്ങള്‍: സാബിര്‍, സവാബ്, സുഹൈല്‍ (മൂവരും ദുബൈ). ഷമ്മാസിന്റെ മരണവിവരമറിഞ്ഞ് ദുബൈയില്‍നിന്ന് സഹോദരങ്ങളും ഉംറക്ക് പോയ മാതാപിതാക്കളും നാട്ടിലെത്തി. ശനിയാഴ്ച ആറോടെ മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.