കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടികളുടെ ഭാഗമായി ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്തുകൾക്ക് മെയ് 15ന് തുടക്കമാകും. കണയന്നൂർ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗൺഹാളിൽ നടക്കുന്ന പരിപാടിക്ക് മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവർ നേതൃത്വം നൽകും.
അദാലത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തി.
പറവൂർ താലൂക്കിലെ അദാലത്ത് മെയ് 16ന് കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയൽ ടൗൺഹാളിലും ആലുവ താലൂക്ക് അദാലത്ത് 17ന് മഹാത്മാഗാന്ധി ടൗൺഹാളിലും കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂർ ഇ.എം.എസ് മെമ്മോറിയൽ ടൗൺഹാളിലും നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാർത്തോമ ചെറിയ പള്ളി കൺവെൻഷൻ സെന്ററിലാണ്. എല്ലാ അദാലത്തിലും മന്ത്രിമാരായ പി. രാജീവും മന്ത്രി പി. പ്രസാദും പങ്കെടുക്കും.
ജില്ലയിലെ ഏഴ് താലൂക്കുകളിലായി 2713 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചിരിക്കുന്നത്. ജില്ലയിൽ കണയന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. 527 അപേക്ഷകൾ. കുന്നത്തുനാട് താലൂക്കിൽ 426, പറവൂർ 424, ആലുവ 423, കോതമംഗലം 330, കൊച്ചി 327, മൂവാറ്റുപുഴ 256 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്.
ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകൾ, ലൈസൻസ് എന്നിവ നൽകുന്നതിലുള്ള കാലതാമസം, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തണ്ണീർ തട സംരക്ഷണം, വിവിധ ക്ഷേമ പദ്ധതികൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളുമാണ് പരിഗണിക്കുന്നത്.
ഏപ്രിൽ ഒന്നു മുതൽ 15 വരെ അപേക്ഷകൾ സ്വീകരിക്കുന്നതിന് സമയം നൽകിയിരുന്നു. അക്ഷയ കേന്ദ്രങ്ങൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിലും ഓൺലൈനിലുമാണ് അപേക്ഷകൾ സ്വീകരിച്ചത്. ലഭിച്ച അപേക്ഷകളിൽ തരംതിരിച്ച് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നൽകിയിട്ടുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് ദിവസം നേരിട്ട് എത്തി അപേക്ഷകൾ സമർപ്പിക്കാം. അദാലത്തിനോട് അനുബന്ധിച്ച് ലഭിച്ച അപേക്ഷകൾ അത് വകുപ്പുകളിലേക്ക് കൈമാറിയാണ് പരിഹാരം കാണുന്നത്.
അദാലത്തുകളുടെ മികച്ച നടത്തിപ്പിനായി കലക്ടർ ചെയർമാനായ നിരീക്ഷണ സമിതി രൂപീകരിച്ചു. ഫോർട്ടു കൊച്ചി സബ് കലക്ടറും മുവാറ്റുപുഴ ആർ.ഡി.ഒയും പ്ലാനിങ് ഓഫീസറും ആണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ലഭിച്ച അപേക്ഷകളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് എത്രയും വേഗത്തിൽ റിപ്പോർട്ട് തയാറാക്കണമെന്ന് യോഗത്തിൽ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.