കോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും കൈകോർക്കുന്നുണ്ടെന്ന് കർണാടക പി.സി.സി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ. അഞ്ച് വർഷത്തെ എൽ.ഡി.എഫിന്‍റെ അഴിമതി ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് ഭരണം കേരളത്തിൽ വരാൻ രാജ്യം ഉറ്റുനോക്കുകയാണെന്ന് ഐശ്വര്യ കേരള യാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ ഡി.കെ. ശിവകുമാർ പറഞ്ഞു.
യാതൊരു വളർച്ചയുമില്ലാത്ത അഞ്ച് വർഷമായിരുന്നു കടന്നുപോയത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മികച്ച ഭരണമാണ് നടന്നത്. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ ഭരണം തിരിച്ചുപിടിക്കണമെന്നും ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും നിയമസഭയിൽ 80 ശതമാനം സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും കർണാടക പി.സി.സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
ഘടകകക്ഷി നേതാക്കൾ പരസ്പരം കാണുന്നത് പോലും വർഗീയമായി ചിത്രീകരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനഹിതം വ്യക്തമാക്കുന്ന ജാഥയാണ് മുന്നേറുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലക്ക് വേണ്ടി നിലകൊണ്ട ഏക പ്രസ്ഥാനം യു.ഡി.എഫാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാരയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതോടെ കേരളം യു.ഡി.എഫിനൊപ്പമാകുമെന്ന് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.