‘നന്ദിയുണ്ട് അഹമ്മദ് കുട്ടി, ക്രിസ്ത്യാനികൾക്കെതിരെ ഗൂഢലക്ഷ്യത്തോടെ ഇത്തരമൊരു സിനിമ നിർമിച്ചതിന്​​’; മമ്മൂട്ടിക്കെതിരെ​ കാസ

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം കാതല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവേ വർഗീയ പ്രചരണവുമായി തീവ്ര കൃസ്ത്യൻ കൂട്ടായ്മയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). സിനിമയിലെ സ്വവർഗാനുരാഗ പ്രമേയവും കൃസ്ത്യൻ കഥാപാത്രങ്ങളുമാണ്​ കാസയെ പ്രകോപിപ്പിച്ചിരിക്കുന്നത്​. മമ്മൂട്ടിയെ മുഹമ്മദ്കുട്ടി എന്ന് വിളിച്ചുകൊണ്ടാണ് കാസ സമൂഹമാധ്യമങ്ങളിൽ ‘കാതല്‍ ദി കോര്‍’ എന്ന ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്. സിനിമയുടെ സംവിധായകൻ ഉൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ്​ കാസ മമ്മൂട്ടിലെ ലക്ഷ്യമിട്ടിരിക്കുന്നത്​.


സ്വവര്‍ഗാനുരാഗിയായ മമ്മൂട്ടിയുടെ കഥാപാത്രം മാത്യു ദേവസിയെ ക്രിസ്ത്യന്‍ മതവിശ്വാസി ആക്കിയത്​ മനപ്പൂർവ്വമാണെന്നാണ്​ കാസയുടെ ആരോപണം. യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ, അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് പോസ്റ്റില്‍ പറയുന്നു. ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ കുറിക്കുന്നു.

കാസയെ എതിർത്തും നിരവധിപേർ

കാസയുടെ വിദ്വേഷ പ്രചരണത്തെ എതിർത്തും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പ്രചരിക്കുന്നുണ്ട്​. ജോമിറ്റ്​ ജോസ്​ തന്‍റെ ഫേസ്​ബുക്ക്​ പേജിൽ ക്രിസ്ത്യന്‍ വിശ്വാസികള്‍ 'കാസ' എന്ന വര്‍ഗീയ കുരകളെ ഇപ്പോഴെങ്കിലും പടിയടച്ച് പുറത്താക്കാന്‍ തയ്യാറാകണം എന്ന്’കുറിച്ചു.


‘ഇത്രയേറെ വര്‍ഗീയത തലയ്‌ക്ക് പിടിച്ച വേറൊരു കൂട്ടര്‍ നിലവില്‍ നമ്മുടെ നാട്ടിലില്ല. സംഘികളുടെ കഞ്ഞി കുടിച്ച് ജീവിക്കുന്ന 'കാസ', മമ്മൂട്ടി എന്ന മഹാനായ നടന്‍റെ പേര് എങ്ങനെയാണ് പോസ്റ്റിലും പോസ്റ്ററിലും പറഞ്ഞിരിക്കുന്നത് എന്ന് നോക്കൂ (സിനിമയിലെ മറ്റെല്ലാവരെയും 'കാസ' വെറുതെവിട്ടിട്ടുണ്ട്). പേരിനെ മതവുമായി ബന്ധിപ്പിച്ച് വര്‍ഗീയത പറയുക എന്നത് പരിവാരം കുറെക്കാലമായി പയറ്റുന്ന അടവാണ്. അടിമുടി വിഷമാണ് 'കാസ' എന്നതിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ല. 'കാതല്‍ ദി കോര്‍' എന്ന സിനിമ ക്രിസ്ത്യാനികളെ അപമാനിക്കുന്നു എന്ന മോങ്ങല്‍ ഇന്നലെ തുടങ്ങിയത് പരിവാരമാണ്. അതിപ്പോ 'കാസ' ഏറ്റുപിടിച്ചിരിക്കുന്നു.


'കാസ'ക്കാര്‍ ഓടിനടന്ന് സംഘവേദികളില്‍ പോയി മുസ്ലീംകള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വലിയ തെറ്റിദ്ധാരണ ഇവരുണ്ടാക്കുന്നുണ്ട്. വാട്‌സ്‌ആപ്പ് മാമന്‍മാര്‍ കുറെപ്പേര്‍ 'കാസ'യുടെ അടിമകളായിക്കഴിഞ്ഞു. യുവജനതയിലും 'കാസ' ശക്തമായി വേരൂന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള 'കാസ'യ്‌ക്കെതിരെ കേരളത്തിലെ സഭാനേതൃത്വങ്ങള്‍ ആഞ്ഞടിക്കേണ്ട കാലം അതിക്രമിച്ചു. എല്ലാ സഭകളും ഔദ്യോഗികമായി 'കാസ'യെ പ്രസ്‌താവനയിലൂടെ നിഷേധിക്കുകയാണ് വേണ്ടത്. അത് ഇന്നാട്ടില്‍ ജനാധിപത്യവും മതസ്വാതന്ത്ര്യവും പുലരാന്‍ ആവശ്യമാണ്’-ജോമിറ്റ്​ ജോസ്​ എഴുതുന്നു.

Tags:    
News Summary - casa againest mammootty and kathal the core

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.