കളമശ്ശേരി: കൊച്ചി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സിൻഡിക്കേറ്റ് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. സർവകലാശാല സിൻഡിക്കേറ്റ് അംഗവും യൂത്ത് വെൽഫെയർ ഡയറക്ടറുമായ പി.കെ. ബേബിക്കെതിരെയാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാർച്ച് ഒന്നിനാണ് യൂനിവേഴ്സിറ്റി കലോത്സവത്തിനിടെ ഡയറക്ടർ വിദ്യാർഥിനിയെ അപമാനിച്ചെന്ന ആരോപണം ഉയർന്നത്.
തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് അന്ന് സർവകലാശാല പറഞ്ഞിരുന്നത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല സുരക്ഷാവിഭാഗം വി.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
വിദ്യാർഥിനിയുടെ കുടുംബം സി.പി.എം ജില്ല സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ അതിനുശേഷം സിൻഡിക്കേറ്റ് അംഗത്തിനെതിരെ നടപടി സ്വീകരിക്കാമെന്ന് പാർട്ടി ജില്ല നേതൃത്വം ഉറപ്പ് നൽകിയിരുന്നതായാണ് വിവരം. എന്നാൽ, നാലുമാസം പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടാകാതെ വന്നതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടു. രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്.
സംഭവത്തിൽ ഇന്റേണൽ കംപ്ലയിൻറ് അതോറിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനിരിക്കുകയാണ് സർവകലാശാല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിൻഡിക്കേറ്റ് അംഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയനും കെ.എസ്.യുവും രംഗത്തുവന്നു.
പി.കെ. ബേബിയുടെ നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നിരുന്നു. തസ്തിക അട്ടിമറിയിലൂടെ അസി. പ്രഫസറായ പി.കെ. ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം നൽകാൻ നീക്കംനടന്നെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.