കലോത്സവം: രണ്ട് വിധികര്‍ത്താക്കള്‍ക്കും നൃത്താധ്യാപകനുമെതിരെ വിജിലന്‍സ് കേസ്

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിലെ വിധിനിര്‍ണയത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ രണ്ട് വിധികര്‍ത്താക്കള്‍ക്കെതിരെയും ഇടനിലക്കാരനായ നൃത്താധ്യാപകനെതിരെയും വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തു.

ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനി ഉത്തരയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ചെയ്തത്. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ നടന്ന ത്വരിതാന്വേഷണത്തില്‍ വിധിനിര്‍ണയത്തില്‍ ക്രമക്കേട് നടന്നതായി കണ്ടത്തെിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ അന്‍ഷാദ് അസീസ്, വിധികര്‍ത്താക്കളായ ഗുരു വിജയശങ്കര്‍, വേദാന്ത മൗലി എന്നിവര്‍ക്കെതിരെയാണ്  ഗൂഢാലോചന, അഴിമതി എന്നിവക്ക് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്.
സംസ്ഥാനതലത്തില്‍ ഉയര്‍ന്ന ഗ്രേഡും സ്ഥാനവും ലഭിക്കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. മത്സരഫലത്തിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ നൃത്താധ്യാപകന്‍ ആരൊക്കെ ജേതാക്കളാകുമെന്ന് വെളിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.

ജില്ലയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന സ്കൂള്‍ കലോത്സവത്തിനത്തെിയ ഉത്തരക്ക് 45 പേര്‍ മത്സരിച്ച കുച്ചിപ്പുടിയില്‍ 41ാം സ്ഥാനമാണ് ലഭിച്ചത്.
ഹയര്‍ അപ്പീലിലൂടെ പിന്നീട് ഇവര്‍ക്ക് എ ഗ്രേഡ് ലഭിച്ചതോടെയാണ് വിധിനിര്‍ണയത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന നിരീക്ഷണത്തിലത്തെിയത്. കേസ് രജിസ്റ്റര്‍ചെയ്ത സാഹചര്യത്തില്‍ കുച്ചിപ്പുടി മത്സരത്തിന്‍െറ വിധിനിര്‍ണയത്തിന്‍െറ മുഴുവന്‍ രേഖകളും ദൃശ്യങ്ങളും വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്കൂള്‍ കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍ നടക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കലോത്സവത്തിലെ ക്രമക്കേട് കണ്ടത്തൊന്‍ വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഏഴ് ദിവസങ്ങളിലായി എഴുപതോളം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്താണ് കലോത്സവം നിരീക്ഷിച്ചത്. വിജിലന്‍സ് കണ്ണൂര്‍ ഡിവൈ.എസ്.പി എ.വി. പ്രദീപ്കുമാര്‍, സി.ഐ കെ. വി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

Tags:    
News Summary - case against dance teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.