മലപ്പുറം: ജില്ലയെക്കുറിച്ച് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ മേനക ഗാന്ധിക്കെതിരെ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വിദ്വേഷ പ്രചാരണങ്ങൾ ഈ നാട്ടിൽ ജീവിക്കുന്ന വ്യക്തിയെന്ന നിലയിൽ മാനഹാനിയുണ്ടാക്കിയതായും ഇന്ത്യൻ ശിക്ഷാനിയമം 499 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. ട്വിറ്റർ, എ.എൻ.ഐ ന്യൂസ്, എ.ബി.പി ന്യൂസ് എന്നിവയുടെ മാനേജിങ് ഡയറക്ടർമാർ കൂട്ടുപ്രതികളാണ്.
മേനകക്കെതിരെ പാർട്ടി അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം മുഖേന കൂടുതൽ നിയമനടപടികൾക്കൊരുങ്ങുകയാണ് മുസ്ലിം ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കഴിഞ്ഞയാഴ്ച മേനകക്ക് വക്കീൽ നോട്ടീസയച്ചു. മണ്ഡലം പ്രസിഡൻറ് കുന്നത്ത് മുഹമ്മദ് മങ്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഐ.പി.സി 153 പ്രകാരം മേനകക്കെതിരെ മലപ്പുറത്ത് കേസുണ്ട്. ഈ വകുപ്പ് തീരെ ചെറുതാണെന്നും അവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നും ലോയേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.