കൊച്ചി: മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെട്ട അഞ്ച് കേസ് പിൻവലിക്കുന്നു. 2011 മുതൽ 2013 വരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് വിചാരണക്കുമുെമ്പ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി) പിൻവലിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എം.പി എന്നിവരെ പ്രതിചേർത്ത് 2011ൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇതിലൊന്ന്. തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യു, തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജ്, കല്യാശേരി എം.എൽ.എ ടി.വി. രാജേഷ് എന്നിവരുൾപ്പെട്ട രണ്ടുകേസും പിൻവലിക്കുന്നവയിൽ ഉൾപ്പെടുന്നു.
ഇടതുപക്ഷത്തിെൻറ വിവിധ സമരപരിപാടികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്, കേൻറാൺമെൻറ് പൊലീസ് സ്റ്റേഷൻ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന ഇൗ കേസുകൾ രജിസ്റ്റർ ചെയ്തത്. വിചാരണക്ക് കേസുകൾ പ്രത്യേക കോടതിയിലേക്ക് മാറ്റിയതോടെയാണ് പിൻവലിക്കാൻ അപേക്ഷ നൽകിയത്.
ഇന്ത്യൻ ശിക്ഷനിയമം 143 (അന്യായമായി സംഘംചേരുക), 147 (ലഹളയുണ്ടാക്കുക), 148 (മാരകായുധങ്ങളുമായി ലഹളയുണ്ടാക്കുക), 283 (ഗതാഗത തടസ്സം സൃഷ്ടിക്കുക) എന്നിവയാണ് പ്രധാനമായും എല്ലാ കേസിലും ചുമത്തിയ കുറ്റങ്ങൾ. എം. സ്വരാജ്, ടി.വി. രാജേഷ് എന്നിവരെ പ്രതിചേർത്ത് 2011ൽ കേൻറാൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പ്രോസിക്യൂഷൻ വഴി അപേക്ഷ സമർപ്പിച്ചശേഷമാണ് കേസുകൾ പിൻവലിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.എം നേതാവ് എം. വിജയകുമാർ എന്നിവരടക്കം കേസിൽ പ്രതികളായിട്ടുണ്ട്.
ഇൗ കേസുകളിൽ വാദം കേട്ട കോടതി അവ പിൻവലിക്കുന്ന കാര്യം അടുത്ത ദിവസം തീരുമാനിക്കും. േകസുകൾ വിചാരണക്കുശേഷം അന്തിമ തീരുമാനമെടുക്കേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ അപേക്ഷ തള്ളി വിചാരണ നടപടിക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.