നന്ദകുമാറിനെതിരായ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

കൊച്ചി: 'ക്രൈം വാരിക' എഡിറ്റർ ടി.പി. നന്ദകുമാർ പ്രതിയായ വ്യാജ അശ്ലീല വിഡിയോ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. മന്ത്രിയുടെ വ്യാജ വിഡിയോ നിർമിക്കാൻ തന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിക്കുമേൽ സമ്മർദം ചെലുത്തിയെന്നാണ് കേസ്. അറസ്റ്റിലായ നന്ദകുമാറിനെതിരെ കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യമുള്ളത്. ഇതിൽ കോടതി തീരുമാനമെടുക്കും.

വ്യാജ വിഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചെന്നും എതിർത്തപ്പോൾ മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തതിനുപുറമെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. പരാതിക്കാരിക്കും സഹപ്രവർത്തകനായിരുന്ന മറ്റൊരു യുവാവിനും എതിരെ നന്ദകുമാറും പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെ പരാതിയിൽ പൊലീസ് നടപടിയെടുത്തത്. എറണാകുളം എ.സി.പിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ചയാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, നന്ദകുമാറിനെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സമാനസ്വഭാവമുള്ള മറ്റ് ചില വിഡിയോകളും ഇയാളുടെ പക്കലുണ്ടെന്ന മൊഴികളെത്തുടർന്നാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Case against Nandakumar: The confidential statement of the complainant will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.