തിരുവല്ല: മുതലപ്പൊഴി ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് നേരെയുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തി എന്നാരോപിച്ച് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ പൊലീസ് കേസെടുത്തത് പക്ഷപാതപരമാണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംസ്ഥാന സമിതി പ്രസ്താവിച്ചു. നാലു മത്സ്യതൊഴിലാളികളുടെ ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ സ്ഥലത്തെത്തിയ മന്ത്രിമാരോട് നാട്ടുകാരും മത്സ്യത്തൊഴിലാളികളും മരിച്ചവരുടെ ബന്ധുക്കളും അവരുടെ വികാരം പ്രകടിപ്പിക്കുക സ്വാഭാവികമാണ്.
മുതലപ്പൊഴി അപകടരഹിതമാക്കാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജീവനും ജീവിതമാര്‍ഗവും നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രശ്‌നപരിഹാരം സൃഷ്ടിക്കേണ്ടതിന് പകരം പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അവഹേളിക്കുന്നതിന് ശ്രമിക്കുന്നത് അപലപനീയമാണ്. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് ശ്രമമാണ് നടക്കുന്നത്. അസംബ്ലിയിലും പുറത്തും ഷോ കാണിക്കുന്നവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ തയ്യാറാകണം.
മത്സ്യത്തൊഴിലാളികളെയും സാധാരണ ജനത്തെയും ചൂഷണം ചെയ്യുന്നത് പുരോഹിതരാണോ അതോ ഭരണകൂടമാണോ എന്ന് ജനത്തിന് വ്യക്തമായി അറിയാം. പള്ളികള്‍ നടത്തുന്ന പിരിവുകളുടെ ഫലമാണ് വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ കേരളത്തിനുണ്ടായ പുരോഗതിക്ക് കാരണമായ നിരവധി സ്ഥാപനങ്ങള്‍. പാര്‍ട്ടി പിരിച്ച പണം എവിടെ പോയി എന്ന് മന്ത്രിക്കും ജനങ്ങള്‍ക്കും അറിയാം. ചില്ലുമേടയിലിരുന്നുകൊണ്ട് കല്ലെറിയുന്ന പണി മന്ത്രിമാര്‍ അവസാനിപ്പിക്കണം. വികാരി ജനറലിന് എതിരായ കേസ് പിന്‍വലിക്കണമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, ട്രഷറാര്‍ റവ. എല്‍ ടി. പവിത്രസിംഗ്, അഡ്വൈസറി കൗണ്‍സില്‍ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബന്യാമിന്‍ ശങ്കരത്തില്‍, ഫാ. ഡി. ഗീവര്‍ഗീസ്, ഫാ. ജോണിക്കുട്ടി, റവ. ബിനു കെ. ജോസ്, വി.ജി. ഷാജി, കോശി ജോർജ്, ഷിബി പീറ്റര്‍, ഷിബു കെ. തമ്പി, ഷാജി ഫിലിപ്പ്, എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.