രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി. ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കസബ പൊലീസെടുത്ത കേസാണ് കൈമാറിയതിൽ ഒന്ന്. രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനം, നഗ്ന ദൃശ്യങ്ങൾ ഇലക്ട്രോണിക് സംവിധാനം വഴി കൈമാറൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ ഇനി ചോദ്യം ചെയ്യൽ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘമാണ്.

കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത മറ്റൊരു കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു, നടൻ സുധീഷ്, അന്തരിച്ച നടൻ മാമുക്കോയ, സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെ എരഞ്ഞിപ്പാലം സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റിന്റെ വെളി​പ്പെടുത്തലിൽ നടക്കാവ് പൊലീസും രജിസ്റ്റർ ചെയ്ത കേസാണ് ഐ.ജി ജി സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിലെ പ്രത്യേക സംഘത്തിന് കൈമാറിയത്.

സിനിമയിൽ അവസരം ആഗ്രഹിച്ച തന്നെ 2012ൽ രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവാവ് ഡി.ജി.പിക്ക് നൽകിയ പരാതി. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ കൊച്ചിയിലെ ഹോട്ടലിൽവെച്ച് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ പരാതിയിൽ നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

രഞ്ജിത്ത് എനിക്ക് ന​ഗ്നചിത്രങ്ങൾ അയച്ചിട്ടില്ല -രേവതി

സംവിധായകൻ രഞ്ജിത്ത് തനിക്ക് യുവാവിന്റെ നഗ്നചിത്രങ്ങൾ അയച്ചു തന്നിട്ടില്ലെന്ന് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല. മലയാള സിനിമ മേഖലയില്‍ നിലവില്‍ നടക്കുന്നത് തമാശക്കളിയല്ല. പൊതുസമൂഹത്തില്‍ വ്യക്തമായ ചില തിരുത്തലുകള്‍ നടത്താനുള്ള നീക്കത്തിന്‍റെ തുടക്കമാണിത്. സിനിമ മേഖലയില്‍ തുല്യവേതനമടക്കമുള്ളവ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ തുടങ്ങിയിരിക്കുന്നത് -രേവതി പറഞ്ഞു.

Tags:    
News Summary - case against Ranjith handed over to the Special Investigation Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.