സ്വപ്നക്കെതിരെ കേസ്: രേഖകൾ ഹാജരാക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുടെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്‌ന സുരേഷ് നൽകിയ ഹരജിയിൽ കേസിലെ പരാതിയുടെ പകർപ്പും പ്രഥമവിവര മൊഴിയും ഹാജരാക്കാൻ ഹൈകോടതി നിർദേശം. സർക്കാറിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹരജി ജൂൺ 21ന് പരിഗണിക്കാൻ മാറ്റി.

സർക്കാറിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളിലൂടെ ലഹളയുണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്നും ഹരജിയിൽ വിശദീകരണം നൽകാമെന്നും സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി.എ. ഷാജി പറഞ്ഞു. എന്നാൽ, കേസിലെ പ്രഥമ വിവരമൊഴിയുടെയും പരാതിയുണ്ടെങ്കിൽ അതിന്റെയും പകർപ്പ് വേണമെന്ന് സിംഗിൾബെഞ്ച് ആവശ്യപ്പെട്ടു. ഇതുകൂടി പരിഗണിച്ച് ഹരജിയിൽ വാദം കേൾക്കാമെന്നും വ്യക്തമാക്കി.

നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ തുടങ്ങിയവരുടെ പങ്കാളിത്തത്തെക്കുറിച്ച് രഹസ്യമൊഴി നൽകിയതായി സ്വപ്‌ന വെളിപ്പെടുത്തിയതിന് പിന്നാലെ കെ.ടി. ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് സ്വപ്‌ന നടത്തിയതെന്നും വ്യാജപ്രചാരണമാണിതെന്നുമാണ് പരാതിയിൽ പറഞ്ഞത്.

ഷാജ് കിരണും ഇബ്രാഹീമും പ്രതികളല്ലെന്ന് സർക്കാർ

കൊച്ചി: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെത്തുടർന്ന് ഷാജ് കിരണിനും സുഹൃത്ത് ഇബ്രാഹീമിനുമെതിരെ കേസെടുത്തിട്ടില്ലെന്നും ഇവർ ഇതുവരെ പ്രതികളല്ലെന്നും സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇവരെ ചോദ്യം ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യവും കോടതി അനുവദിച്ചു.

Tags:    
News Summary - Case against Swapna: High Court directs to produce documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.