തിരുവനന്തപുരം: തങ്ങളുടെ എതിർപ്പ് അവണിച്ച് ഇണയെ തെരഞ്ഞെടുത്ത മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചതിന് ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതിയിലാണ് പിതാവും സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്. ജയചന്ദ്രന്, മാതാവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവർക്കെതിരെ കേസെടുത്തത്. അനുപമയുടെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് അരുൺ, ജയചന്ദ്രെൻറ സുഹൃത്തുക്കളും സി.പി.എം പ്രാദേശിക നേതാക്കളുമായ രമേശൻ, അനിൽകുമാർ എന്നിവർക്കെതിരെയും പേരൂർക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച് ജീവിക്കാൻ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത് ക്രിസ്ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അനുപമയുടെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവത്രെ. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്.
നേരത്തെ വിവാഹിതനായിരുന്ന അജിത് കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച് മുതൽ അജിതും അനുപമയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സി.പി.എം നേതാക്കളെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന് അനുപമ പറഞ്ഞു. പാർട്ടിയിൽ നിന്ന് സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ് പൊലീസ് കേസെടുക്കാൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.