ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേസ്: ഹരജിയില്‍ സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

കൊച്ചി: എ.ഡി.ജി.പി വിജയ് സാഖറയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ കേസെടുത്ത നടപടിക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ഹെകോടതിയില്‍ സമർപ്പിച്ച ഹരജിയില്‍ വിശദീകരണം തേടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിനോടും പൊലിസിനോടുമാണ് വിശദീകരണം ആവശ്യപ്പെട്ടത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യം പുറത്തുവിടാന്‍ എ.ഡി.ജി.പി വിജയ്‌ സാഖറയെ വെല്ലുവിളിച്ച പോസ്റ്റിനെതിരെയാണ് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ സി.എ റഊഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്റെ കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട പോസ്റ്റിനെതിരെയും കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര, എടത്തല, അങ്കമാലി, പട്ടാമ്പി, ആലുവ എന്നീ സ്റ്റേഷനുകളിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കേസെടുത്തത്.

ഒരേ കുറ്റത്തിന് ഒന്നിലധികം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഒരേ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒന്നിലധികം കേസ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സെക്ഷന്‍ 153 വകുപ്പില്‍ പറയുന്ന പ്രകാരമുള്ള യാതൊരുവിധ പ്രകോപനമോ സ്പർധക്കുള്ള ആഹ്വാനമോ കേസിന് ആസ്പദമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല. എന്നിട്ടും വിവിധ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക വഴി തന്നെ വേട്ടയാടാനും വ്യക്തിഹത്യ നടത്താനുമാണ് പൊലിസ് നീക്കമെന്നും ഹരജിയില്‍ പറയുന്നു.

Tags:    
News Summary - Case for Facebook post: High Court seeks explanation from government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.