തിരുവനന്തപുരം: സർക്കാർ-അനുബന്ധ സ്ഥാപനങ്ങളിലെ അംഗീകൃത തസ്തികയുടെ വിവരം ശേഖരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലെ ജീവനക്കാരുടെ ജാതി, മതം, ലിംഗം തിരിച്ച കണക്ക് ലഭ്യമല്ലെന്നും അത്തരം വിവരശേഖരണം പരിഗണനയിലില്ലെന്നും ചട്ടപ്രകാരം സംവരണം പാലിച്ചാണ് നിയമനമെന്നും എൻ. ഷംസുദ്ദീന്റെ സബ്മിഷന് മറുപടി നൽകി.
അർധസർക്കാർ-മറ്റ് പൊതുമേഖലയിലേത് ഒഴികെ സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ജീവനക്കാർ 4,93,839 പേരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. താൽക്കാലിക നിയമനങ്ങളുടെ വിശദാംശം ശേഖരിച്ചിട്ടില്ല.
പത്ത് വർഷം തുടർച്ചയായി ജോലി ചെയ്ത താൽക്കാലികക്കാരെ ചില സ്ഥാപനങ്ങൾ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ല. കെ.എ.എസിൽ പുതിയ ബാച്ചിനായി വിജ്ഞാപനം ചെയ്യാനുള്ള ഒഴിവുകൾ നിലവിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
105 പേരുടെ ബാച്ചിന്റെ പരിശീലനം പൂർത്തിയാക്കി. പുതിയ തസ്തിക കണ്ടെത്തി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ തസ്തിക കണ്ടെത്തൽ പരിഗണനയിലില്ലെന്നും നജീബ് കാന്തപുരത്തെ അറിയിച്ചു.പി.ആർ.ഡിയിൽ അസി. ഇൻഫർമേഷൻ ഓഫിസറുടെ 19, അസി. എഡിറ്ററുടെ മൂന്ന്, ഇൻഫർമേഷൻ ഓഫിസറുടെ നാല്, തസ്തികകൾ അധികമായി സൃഷ്ടിക്കാൻ ശിപാർശ ലഭിച്ചതായും പരിശോധിച്ചുവരുകയാണെന്നും പി. ഉബൈദുല്ലയെ മുഖ്യമന്ത്രി അറിയിച്ചു.
കോവളം ബേക്കൽ ദേശീയപാത 2025 അവസാനത്തോടെ പൂർണമായി ഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.