കേൾക്കുന്നില്ലേ, കടുവ ഗർജനം: നഷ്​ടപരിഹാരത്തിനായി കർഷകരുടെ കാത്തിരിപ്പ്

ഓടപ്പള്ളം കർഷക സംരക്ഷണ സമിതിയുടെ വനം ഓഫിസിലേക്കുള്ള മാർച്ച് കഴിഞ്ഞ ജൂലൈ നാലിനായിരുന്നു. പുള്ളിപ്പുലി വേലിക്കമ്പിയിൽ കുടുങ്ങിയ സംഭവത്തിൽ ഗൃഹനാഥനെതിരെ വിവിധ വകുപ്പുകൾ ചുമത്തി വനം വകുപ്പ് കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു ഇവിടേക്ക് കർഷകർ ഐക്യദാർഢ്യവുമായെത്തി. കോവിഡ് നിയന്ത്രണമുള്ളതിനാൽ മാർച്ചിൽ ഭാരവാഹികൾ മാത്രം പങ്കെടുത്തപ്പോൾ പിന്തുണയുമായി എത്തിയവർ മൂലങ്കാവ് മുതൽ വള്ളുവാടി വനം ഒാഫിസ്​ വരെ മൂന്ന് കിലോമീറ്റർ റോഡിൽ അകലം പാലിച്ചുനിന്ന് മുദ്രാവാക്യം വിളിച്ചു. മാർച്ചിൽ രാഷ്​ട്രീയത്തിനതീതമായിട്ടായിരുന്നു ജനം പങ്കെടുത്തത്.

കടുവ, പുലി ശല്യം കൊണ്ട് പൊറുതിമുട്ടിയ ജനം കോവിഡ് കാലത്ത് നടത്തിയ വലിയ പ്രതിഷേധമായിരുന്നു അത്. കടുവ വളർത്തുമൃഗങ്ങളെ കൊല്ലുമ്പോൾ ന്യായമായ നഷ്​ടപരിഹാരം കർഷകർ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ, അത് കിട്ടുന്നില്ലെന്നതാണ് വസ്​തുത. അപേക്ഷകളുമായി വനം ഓഫിസുകളിൽ പലതവണ കയറിയിറങ്ങണമെന്നത് കർഷകന് വെല്ലുവിളിയാകുന്നു. നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് കുറുക്കൻകുന്നിലെ പുന്നക്കോട്ടിൽ ജോസ്​ നല്ലൊരു കർഷകനാണ്. പറമ്പിലെ കൃഷിയിൽ മെച്ചമുണ്ടാകാതെ വന്നതോടെയാണ് പശു, ആടുവളർത്തൽ മേഖലയിലേക്ക് തിരിഞ്ഞത്. പുതിയ മേഖലയിൽ വരുമാനം ലഭിച്ചുവരുന്നതിനിടയിലാണ് രണ്ടുമാസം മുമ്പ് ജോസി​െൻറ വീട്ടിൽ കടുവയെത്തിയത്. ജമ്ന പ്യാരി ഇനത്തിൽപെട്ട രണ്ട് ആടുകളെ കടുവ കൊന്നു. 80000 രൂപയോളമാണ് ജോസിന് നഷ്​ടം. അന്ന് സ്​ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്​ഥർ എത്രയും പെട്ടെന്ന് നഷ്​ടപരിഹാരം കൊടുക്കാമെന്ന ഉറപ്പുകൊടുത്തിരുന്നു.

കൽപറ്റയിലെ വനം വകുപ്പ് ഓഫിസ്​ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഈ കർഷകൻ. രണ്ട് ആടിനും കൂടി 12000 രൂപയാണ് വനംവകുപ്പ് കണക്കാക്കിയ വില. 2018ൽ കൊടുത്ത അപേക്ഷകളിൽപോലും സർക്കാർ ഫണ്ടില്ലാത്തതിനാൽ നഷ്​ടപരിഹാരം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കൽപറ്റയിലെ ഉദ്യോഗസ്ഥർ ജോസിനെ അറിയിച്ചു. ആടിന് നഷ്​ടപരിഹാരം കിട്ടുമെന്ന മോഹം​ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ ഒരു ആടും രണ്ട് കുട്ടികളുമുണ്ട്. വൈകുന്നേരമായാൽ ആടുകളെ കൂട്ടിൽനിന്നും അഴിച്ച് വീടിനോടനുബന്ധിച്ചുള്ള പഴയ ബാത്ത് റൂമിൽ കയറ്റി അടച്ചിട്ടാണ് കടുവയിൽനിന്നും രക്ഷിക്കുന്നത്. ജോസിനെ പോലെ നഷ്​ടപരിഹാരത്തിനായി വനം ഓഫിസിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് വരുമെന്നാണ് കണക്ക്. ചീരാൽ, പഴൂർ, മാടക്കര, കല്ലൂർ, മൂലങ്കാവ് എന്നിവിടങ്ങളിലൊക്കെ ഇത്തരം കർഷകരുണ്ട്.

പശു, ആട് വളർത്തൽ മേഖലയിൽ വരുമാന മാർഗം കണ്ടെത്തിയവർ ജില്ലയിൽ നിരവധിയാണ്. കടുവകളുടെ ഇടക്കിടെയുള്ള വരവ് ഇവരെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇത്തരം കർഷകരുടെ പ്രശ്നങ്ങളുന്നയിച്ച് കർഷക സംഘടനകളെ യോജിപ്പിച്ചുള്ള സംയുക്ത പ്രക്ഷോഭത്തിന് ഒരുക്കം നടക്കുന്നതായി ഹരിതസേന ജില്ല ചെയർമാൻ എം. സുരേന്ദ്രൻ മാസ്​റ്റർ പറഞ്ഞു. ഓടി ഇരപിടിക്കാൻ കഴിയാത്ത കടുവകളാണ് നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നത്. മറ്റിടങ്ങളിൽനിന്ന് പിടികൂടുന്ന ഇത്തരം കടുവകളെ വയനാട് വന്യജീവി സങ്കേതത്തിലെത്തിച്ച് തുറന്നുവിടുന്നതാണ് വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നത്. കടുവ കൂടുതലായാൽ ബഫർ സോണിനുള്ള സാധ്യത കൂടും. എത്ര വളർത്തുമൃഗങ്ങളെ കൊന്നാലും കൂടുവെച്ച് കടുവയെ പിടിച്ചുകൊണ്ടുപോകുന്ന രീതി ഇല്ലാതാകും. മനുഷ്യർക്ക് മാറിത്താമസിക്കേണ്ടിവരും. ക്ഷീര മേഖലയിൽ അഭയം തേടിയ കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകാതിരിക്കാൻ കടുവകളുടെ വരവ് നിയന്ത്രിക്കേണ്ടതുണ്ടെന്നും സുരേന്ദ്രൻ മാസ്​റ്റർ പറഞ്ഞു.

വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ട വിഷയത്തിൽ ഡി.എഫ്.ഒ ഓഫിസിന് മുന്നിലും മറ്റും സമരം നടത്തിയവരെ കേസെടുക്കുമെന്നുപറഞ്ഞ് ഭയപ്പെടുത്തുന്ന സമീപനമാണ് അധികൃതർക്കെന്ന് ഫാർമേഴ്സ്​ റിലീഫ് ഫോറം സംസ്​ഥാന കൺവീനർ എൻ.ജെ. ചാക്കോ പറഞ്ഞു. ജില്ലയെ കടുവ സങ്കേതമാക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായി കടുവകളെ ധാരാളം ജില്ലയിലെ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിടുന്നു. കേന്ദ്ര––സംസ്​ഥാന സർക്കാറുകളുടെ കർഷകദ്രോഹ നടപടികളുടെ ഭാഗമായുള്ള ഉദ്യോഗസ്​ഥ^രാഷ്​ട്രീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. കുടിയേറിവന്ന വയനാട്ടിലെ കർഷകരെ ആട്ടിയോടിക്കാനുള്ള ശ്രമമാണ് സർക്കാറുകൾ നടത്തുന്നതെന്നും ചാക്കോ പറഞ്ഞു.

നാട്ടിലിറങ്ങുന്ന കടുവകളെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്​ഥരെത്തുന്നത് ജീവൻ പണയം വെച്ചാണെന്നതും എടുത്തുപറയണം. ഹെൽമറ്റ്, ഫൈബർ കോട്ട്, പടക്കം എന്നിവയൊക്കെയാണ് കടുവയെ സമീപിക്കുമ്പോൾ ജീവനക്കാർ ഉപയോഗിക്കുന്നത്.

ഇത്തരം സുരക്ഷ വസ്​തുക്കൾ ജില്ലയിൽ കൂടുതലെത്തിക്കേണ്ടതുണ്ടെന്നാണ് കുറിച്ചാട് റേഞ്ച് ഓഫിസർ പി. രതീശൻ 'മാധ്യമ'ത്തോട് പറഞ്ഞത്. വനം വകുപ്പിൽ കടുവയെ നിരീക്ഷിക്കാൻ പോകുന്നവർക്ക് മനഃസാന്നിധ്യം മാത്രമാണ് കൈമുതൽ. പൊതുവേ ശാരീരികമായ അവശതകളുള്ള കടുവകളാണ് നാട്ടിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കടുവ പ്രശ്നത്തെ രാഷ്​ട്രീയ നേതൃത്വങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി കാണേണ്ടത്.

വിഷയത്തി​െൻറ ഗൗരവം ഉൾക്കൊണ്ടുള്ള സമീപനം ഒരോ പൗരനും ആഗ്രഹിക്കുന്നുണ്ട്.

(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.